
തിരുവനന്തപുരം: കേരള സർവകലാശാലയിലെ കരാർ ജീവനക്കാർക്ക് പ്രസവാവധിയും ആനുകൂല്യങ്ങളും നൽകണമെന്ന ആവശ്യത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ടിൻമേൽ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കരാർ ജീവനക്കാർക്ക് പ്രസവാവധിയും പ്രസവാനുകൂല്യങ്ങളും നിഷേധിക്കരുതെന്നും കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ വനിതാ ജീവനക്കാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് 1961 ന്റെ പരിധിയിൽ കേരളസർവകലാശാല വരില്ലെന്നും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രസവാവധിയും ആനുകൂല്യങ്ങളും നൽകാനാവില്ലെന്നും സർവകലാശാല വാദിച്ചു. എന്നാൽ കരാർ ജീവനക്കാർക്ക് മെറ്റേണിറ്റി ബനിഫിറ്റ് ആക്ട് ബാധകമാണെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു. മെറ്റേണിറ്റി ബനിഫിറ്റ് ആക്ടിൽ സ്ഥിരം, കരാർ ജീവനക്കാർ എന്ന് വേർതിരിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. 2020 ജൂലായ് മൂന്നിനാണ് ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിൽ അനുകൂല തീരുമാനമെടുക്കാനാണ് കമ്മിഷൻ ആവശ്യപ്പെട്ടത്.