ശിവഗിരി: ആത്മീയപ്രൗഢിയോടെ നടന്ന 88-ാമത് ശിവിഗിരി തീർത്ഥാടനം സമാപിച്ചു. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിച്ച് വെർച്വലായാണ് തീർത്ഥാടനം നടന്നത്.
ഗുരുദേവൻ തീർത്ഥാടനത്തിന് അനുമതി നൽകിക്കൊണ്ട് അരുളിചെയ്ത വിഷയങ്ങളെ ആസ്പദമാക്കി ഒരാഴ്ച മുമ്പ് മുതൽ പ്രഭാഷണപരമ്പരകൾ തുടങ്ങിയിരുന്നു. ദേശീയ അന്തർദേശീയ പ്രശസ്തരും വിവിധ വിഷയങ്ങളിൽ പ്രാഗല്ഭ്യമുളളവരുമായ 90ഓളം പേരാണ് പ്രഭാഷണം നടത്തിയത്. പ്രഭാഷണങ്ങളും വിശേഷാൽപൂജകളും പ്രാർത്ഥനകളും യുട്യൂബ് ചാനലായ ശിവഗിരി ടിവി വഴി തത്സമയം സംപ്രേഷണം ചെയ്തു. ലോകമെമ്പാടുമുളള ഗുരുഭക്തർ ഓൺലൈനിലൂടെയാണ് ഇത്തവണ ശിവഗിരി തീർത്ഥാടനം അറിഞ്ഞതും അനുഭവിച്ചതും.
തീർത്ഥാടക പ്രവാഹത്തിന് നിയന്ത്രണമുണ്ടായിരുന്നതുകൊണ്ട് ഇത്തവണ തീർത്ഥാടക ഘോഷയാത്ര ഉണ്ടായിരുന്നില്ല. പകരം, മഹാസമാധി മന്ദിരത്തിൽ നടന്ന വിശ്വമംഗള പ്രാർത്ഥന ശ്രദ്ധേയമായിരുന്നു. ഭൂമിയിലെ മനുഷ്യരുടെയും സകല ചരാചരങ്ങളുടെയും ക്ഷേമ ഐശ്വര്യങ്ങൾക്കും ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടിയായിരുന്നു ശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ മഹാസമാധി സന്നിധിയിൽ നടന്ന പ്രാർത്ഥന. ഗുരുസന്നിധിയിൽ സാഷ്ടാംഗപ്രണാമത്തോടെയാണ് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥന സമാപിച്ചത്.
പുതുവത്സരദിനത്തിൽ ശാസ്ത്രസാഹിത്യ പരിശീലന സമ്മേളനം, വനിതാസമ്മേളനം എന്നിവ നടന്നു. പ്രഭാഷണം നടത്തിയവർക്കും സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പ് ഉൾപ്പെടെ വിവിധ ഡിപ്പാർട്ട്മെന്റുകൾക്കും എസ്.എൻ.ഡി.പി യോഗം, മറ്റു ശ്രീനാരായണ സംഘടനകൾ, ഗുരുദേവഭക്തർ തുടങ്ങി നേരിട്ടും അല്ലാതെയും സഹകരിച്ച മുഴുവൻ പേർക്കും,തീർത്ഥാടന പരിപാടികൾക്ക് പ്രസിദ്ധീകരണം നൽകിയ മാദ്ധ്യമങ്ങൾക്കും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നന്ദി പ്രകാശിപ്പിച്ചു.