s2

തിരുവനന്തപുരം:മാസങ്ങൾ നീണ്ട ഓൺലൈൻ ക്ലാസുകൾക്കൊടുവിൽ ഇന്നലെ ജില്ലയിലെ വിദ്യാർത്ഥികൾ വീണ്ടും സ്കൂളിലെത്തി.കൊവിഡ് സൃഷ്ടിക്കുന്ന ഭീതിയുണ്ടെങ്കിലും ക്ലാസിൽ വന്ന് അദ്ധ്യാപകരെയും കൂട്ടുകാരെയും കാണാനായതിന്റെ സന്തോഷത്തിലാണ് 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ. പരീക്ഷയ്ക്ക് മാസങ്ങൾ മാത്രം അവശേഷിക്കേ സ്കൂളിലെത്തി പാഠഭാഗങ്ങളിലെ സംശയങ്ങൾ തീർക്കാൻ അവസരം ലഭിച്ചതിന്റെ ആശ്വാസം മാതാപിതാക്കൾക്കുമുണ്ട്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസുകൾ ആരംഭിച്ചത്. സാമൂഹിക അകലമടക്കമുള്ള സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ അദ്ധ്യാപകരും ശ്രമിച്ചു.

രാവിലെ എട്ട് മണി മുതൽ വിദ്യാർത്ഥികൾ സ്കൂളിലെത്തിതുടങ്ങിയിരുന്നു.ഭൂരിഭാഗം കുട്ടികളും രക്ഷിതാക്കൾക്കൊപ്പമാണ് എത്തിയത്.പകുതിയിലധികം പേരും സ്കൂളിലെത്താൻ സ്വകാര്യവാഹനങ്ങളെ ആശ്രയിച്ചു.ക്ലാസ് മുറികൾ കണ്ടുപിടിക്കാൻ അദ്ധ്യാപകർ വിദ്യാർത്ഥികളെ സഹായിച്ചു. പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ സ്കൂളിനുള്ളിൽ പ്രദർശിപ്പിച്ചിരുന്നു. രാവിലെയും ഉച്ചയ്ക്ക് ശേഷവും രണ്ട് ബാച്ചുകളായി തിരിച്ചാണ് സ്കൂളുകൾ പ്രവർത്തിച്ചത്.ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചയ്ക്ക് ഒന്നുമുതൽ നാലുവരെയുമായിരുന്നു ക്ലാസ്.ഹയർ സെക്കൻഡറി വിഭാഗത്തിൽ രാവിലെ ഒൻപത് മുതൽ 12 വരെയും 1.30 മുതൽ 4.30 വരെയുമായിരുന്നു ക്ലാസുകൾ നടന്നു.ചുരുക്കം സ്കൂളുകളിൽ സമയക്രമത്തിൽ നേരിയ വ്യത്യാസം ഉണ്ടായിരുന്നു. ആദ്യദിവസങ്ങളിൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ മോട്ടിവേഷൻ ക്ലാസുകളാണ് നൽകിയത്. കോട്ടൺഹിൽ ഗവ.എച്ച്.എസ്.എസ് ഫോർ ഗേൾസിൽ വി.എസ് ശിവകുമാർ എം.എൽ.എ എത്തി വിദ്യാർത്ഥികൾക്ക് മാസ്കുകൾ വിതരണം ചെയ്തു.

നിയന്ത്രണം ഇങ്ങനെ

50 ശതമാനം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമാണ് അനുമതി

ഒരു ക്ലാസ് മുറിയിൽ 10 വിദ്യാർത്ഥികളെയാണ് ഇരുത്തിയത്

ഒരു ബെഞ്ചിൽ ഒരുകുട്ടിക്കു മാത്രമേ ഇരിക്കാവൂ

കുട്ടികൾ തമ്മിൽ അകലം പാലിക്കാനും അകലത്തിൽ നിന്നുകൊണ്ട് മാത്രമേ ആശയവിനിമയം നടത്താനും പാടുള്ളൂ

സ്കൂൾ കവാടത്തിൽ നിന്ന് തെർമൽ സ്കാനർ വഴി ശരീരോഷ്മാവ് പരിശോധിച്ചാണ് പ്രവേശിപ്പിച്ചത്

സ്കൂളിൽ കയറുന്നതിന് മുൻപ് സാനിറ്റൈസർ നൽകി

ക്ലാസ് മുറികളിലും സാനിറ്റൈസറുകൾ സജ്ജമാക്കിയിരുന്നു

ശാരീരികാസ്വസ്ഥതകളും മറ്റ് അസുഖങ്ങളുമുള്ള കുട്ടികൾക്കായി സിക്ക് റൂം

പ്രഥമശുശ്രൂഷാ കിറ്റ് എല്ലാ സ്കൂളുകളും ഏർപ്പെടുത്തിയിരുന്നു
സ്കൂളുകളിൽ രാവിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതരെത്തി ക്രമീകരണം നിരീക്ഷിച്ചു

 സ്കൂളിലെത്തിയതിൽ സന്തോഷമുണ്ട്. ഓൺലൈനായി മാത്രം പഠിച്ചപ്പോഴുണ്ടായ പോരായ്മകൾ മാറ്റാൻ സ്കൂളിലെത്തിയതോടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ധ്യാപകർ അടുത്തുണ്ടല്ലോ എന്നത് ആശ്വാസമാണ്. കൂട്ടുകാരെയും കാണാൻ കഴിഞ്ഞു. ഇനി പരീക്ഷയ്ക്ക് നന്നായി ഒരുങ്ങണം.

- അന്ന സ്കറിയ, പത്താം ക്ലാസ് വിദ്യാർത്ഥിനി

 സ്കൂളിൽ നേരത്തെ വന്ന് തുടങ്ങിയിരുന്നെങ്കിലും കുട്ടികളെ കാണുന്നത് ഇപ്പോഴാണ്. അതിൽ ഭയങ്കര സന്തോഷമുണ്ട്. ഈ പ്രത്യേക സാഹചര്യത്തിലും ക്രമീകരണങ്ങളോടെ സ്കൂളുകൾ തുറക്കാൻ സാധിച്ചത് തന്നെ വലിയ കാര്യമാണ്. എല്ലാ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.

- ഉഷ എസ്, അദ്ധ്യാപിക,

കോട്ടൺഹിൽ

ഗവ.എച്ച്.എസ്.എസ് ഫോൾ ഗേൾസ്