തിരുവനന്തപുരം : സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുന്ന ബദൽ കാർഷിക നിയമം കേന്ദ്ര കാർഷിക നിയമത്തിന് എതിരേയുള്ളതായിരിക്കില്ല. സംസ്ഥാന നിയമം കേന്ദ്ര നിയമത്തിന് എതിരായാൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാൻ സാദ്ധ്യത കുറവായതിനാലാണിത്.
അതിനാൽ, കേന്ദ്രനിയമം നടപ്പായാലും സംസ്ഥാനത്തെ കർഷകർക്ക് കോട്ടം തട്ടാതിരിക്കാനുള്ള ബദൽ നിർദേശങ്ങളായിരിക്കും ബില്ലിലുണ്ടാവുക.
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പഴം -പച്ചക്കറി താങ്ങുവില പദ്ധതിയിൽ 16 ഇനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.അതിലേക്ക് കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്താനും താങ്ങുവില കൂട്ടാനുമാണ് നീക്കം.
ഒപ്പം ഉത്പാദക സംഘങ്ങളെ ശക്തിപ്പെടുത്തും. വിപണി വിപുലീകരിക്കും. കൃഷി വകുപ്പിന് കീഴിൽ 1800 ലധികം വിപണന കേന്ദ്രങ്ങളുണ്ട്. 1600 ലധികം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുമുണ്ട്. ഇവയിലൂടെ വില്പന കൂട്ടിയാൽ എ.പി.എം.സി നിയമം നടപ്പാക്കേണ്ടിവരില്ല.
അടിസ്ഥാന വിലയ്ക്ക് നിയമസാധുത കൊണ്ടുവരാനും ആലോചനയുണ്ട്. സ്വകാര്യ ഏജൻസികളോ കച്ചവട സ്ഥാപനങ്ങളോ കാർഷികോത്പന്നങ്ങൾ വാങ്ങിയാലും സർക്കാർ നിശ്ചയിക്കുന്ന അടിസ്ഥാന വിലയിൽ താഴ്‌ത്തി വാങ്ങുന്നത് തടയാനാകും.