remesh

ശിവഗിരി: ശിവഗിരി മഹാസമാധിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രണാമമർപ്പിച്ചു. തീർത്ഥാടനത്തിന്റെ സമാപന ദിവസമായ ഇന്നലെ രാവിലെ 11 മണിയോടെയാണ് അദ്ദേഹം ശിവഗിരിയിലെത്തിയത്.

ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ശിവഗിരി മഠം പി.ആർ.ഒ. കെ. കെ. ജനീഷ്, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ഗുരു പ്രകാശം, കോൺഗ്രസ് നേതാക്കളായ കെ.എസ്.അനിൽ,അഡ്വ.കെ. ആർ.അനിൽകുമാർ,നഗരസഭാ കൗൺസിലർമാരായ എൻ. അശോകൻ,പി. എം. ബഷീർ, സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാലിബ് എന്നിവരും സന്നിഹിതരായിരുന്നു.

ഗുരുദേവൻ മതേതര ഇന്ത്യയ്ക്ക് അടിത്തറയിട്ടു

മലയാളികളെ ലോകത്തിലെ ഏറ്റവും സംസ്‌കാര സമ്പന്നരായ ജനതയാക്കി മാറ്റിയതിനു പിന്നിലെ പ്രേരകശക്തി ശ്രീനാരായണ ദർശനമാണെന്ന് മഹാ സമാധിയിൽ പ്രണാമമർപ്പിച്ച ശേഷം ചെന്നിത്തല വാർത്താലേഖകരോട് പറഞ്ഞു.

അടിച്ചമർത്തപ്പെടുന്നവരും പാർശ്വവത്കരിക്കപ്പെടുന്നവരുമായ ലോകത്തിലെ എല്ലാ ജനസമൂഹങ്ങൾക്കും വിമോചനത്തിന്റെയും അതിജീവനത്തിന്റെയും മന്ത്രമാണ് ശ്രീനാരായണ ദർശനം. മനുഷ്യർക്കിടയിലുള്ള എല്ലാ മതിൽക്കെട്ടുകളെയും അത് നിരാകരിക്കുന്നു.

ഗുരുദേവന്‍ ഒരിക്കലും മനുഷ്യനെ മാറ്റി നിറുത്തി അവിടെ മതത്തെ പ്രതിഷ്ഠിക്കാൻ അനുവദിച്ചില്ല. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞ ഗുരുദേവൻ, മതത്തെക്കാൾ പ്രസക്തി മനുഷ്യന് തന്നെയാണെന്ന് സ്ഥാപിക്കുകയായിരുന്നു. മതേതര ഇന്ത്യയ്ക്ക് അടിത്തറയിട്ട മഹദ് വ്യക്തികളിൽ ഏറ്റവും പ്രധാനി ഗുരുദേവനാണെന്നും ചെന്നിത്തല പറഞ്ഞു.