തിരുവനന്തപുരം: കോടതി ഉത്തരവ് പ്രകാരമുള്ള കുടിയൊഴിപ്പിക്കലിനിടെ, നെയ്യാറ്റിൻകര പോങ്ങിൽ ലക്ഷംവീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിയും തീപടർന്ന് മരിച്ചതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ ഡി.ജി.പി ലോക് നാഥ് ബെഹ്റ ഉത്തരവിട്ടു. പൊലീസ് ഒൗചിത്യമില്ലാതെ പെരുമാറിയോ എന്നും വ്യാജരേഖ ചമച്ചാണോ അയൽവാസിയായ സ്ത്രീ കുടിയൊഴിപ്പിക്കൽ ഉത്തരവ് നേടിയതെന്നും അന്വേഷിക്കും. രാജന്റെ കൈയിലിരുന്ന ലൈറ്റർ തട്ടിത്തെറിപ്പിച്ചപ്പോൾ പടർന്ന തീയിൽ പൊള്ളലേറ്റ് ചികിത്സയിലുള്ള ഗ്രേഡ് എ.എസ്.ഐയുടെ പ്രവൃത്തികളും അന്വേഷണ പരിധിയിലുണ്ടാവും. ദേഹത്ത് തീപടർന്ന രാജനെയും അമ്പിളിയെയും പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്ന ആക്ഷേപവും അന്വേഷിക്കും. മരിച്ച രാജനെതിരേ കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും ആത്മഹത്യയ്‌ക്കും നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിട്ടുണ്ട്.