psc

തിരുവനന്തപുരം: ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ, സർവകലാശാലകളിലെ അനദ്ധ്യാപക തസ്തികകളിലെ മൂവായിരത്തോളം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം തകൃതി. ദിവസ വേതനക്കാരെയും കരാർ ജീവനക്കാരെയും കൂട്ടത്തോടെ സ്ഥിരപ്പെടുത്താനാണ് നീക്കം.

ആദ്യപടിയായി കലിക്കറ്റ് സർവകലാശാലയിലെ 35 താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. പത്തു വർഷക്കാലം ദിവസവേതനത്തിലും കരാർ വ്യവസ്ഥയിലുമായി ജോലി ചെയ്തിരുന്നവരെയാണ് വൈസ് ചാൻസലറുടെ ഡ്രൈവറെയടക്കം സ്ഥിരപ്പെടുത്തിയത്.

ഡ്രൈവർ, പമ്പ് ഓപ്പറേ​റ്റർ, പ്ലംബർ, സെക്യൂരി​റ്റി ഗാർഡ്, ഗാർഡണർ, റൂംബോയ്, പ്രോഗ്രാമർ, ഇലക്ട്രീഷ്യൻ തുടങ്ങിയ തസ്തികകളിലുള്ളവരെയും സ്ഥിരപ്പെടുത്തി. ഒഴിവില്ലെങ്കിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കാനാണ് തീരുമാനം. കൂടുതൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് അടുത്ത സിൻഡിക്കേ​റ്റ് യോഗങ്ങളിൽ പരിഗണിക്കും. കേരളയിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു സംബന്ധിച്ച ഫയൽ വി.സിയുടെ പരിഗണനയിലാണ്. അടുത്ത സിൻഡിക്കേറ്ര് യോഗത്തിൽ പരിഗണിച്ചേക്കും.സംസ്‌കൃതം, കുസാറ്റ്, കാർഷിക സർവകലാശാലകളിലും സമാന നീക്കങ്ങളുണ്ട്.

സർവകലാശാലകളിലെ അനദ്ധ്യാപക നിയമനങ്ങൾ കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ് പി.എസ്.സിക്ക് വിട്ടത്. അസിസ്​റ്റന്റ്, കമ്പ്യൂട്ടർ അസിസ്​റ്റന്റ് നിയമനങ്ങൾക്കുള്ള സ്‌പെഷ്യൽ റൂളും തയ്യാറാക്കുകയും പി.എസ്.സി വഴി മൂവായിരം പേരെ നിയമിക്കുകയും ചെയ്തു. അതുവരെ ജോലി ചെയ്തിരുന്ന എല്ലാ താത്കാലികക്കാരെയും പിരിച്ചുവിട്ടിരുന്നു. മൂന്നുമാസം മുൻപ് ഇരുപത് അനദ്ധ്യാപക തസ്തികകൾക്കുള്ള സ്‌പെഷ്യൽ റൂൾ സർക്കാർ അംഗീകരിച്ചിട്ടും സർവകലാശാലകൾ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതിനാൽ ഒരു തസ്തികയിൽ പോലും വിജ്ഞാപനമിറക്കാനായിട്ടില്ല. താത്കാലികക്കാരെ സ്ഥിരപ്പെടുത്താനാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതെന്നാണ് ആക്ഷേപം.

താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ കലിക്ക​റ്റ് സർവകലാശാലയുടെ നടപടി റദ്ദാക്കണമെന്നും മ​റ്റിടങ്ങളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റി ഗവർണർക്ക് നിവേദനം നൽകി.