തിരുവനന്തപുരം: എം.ബി.ബി.എസ് കോഴ്സിലെ പ്രവേശനം മെഡിക്കൽ കൗൺസിൽ ജനുവരി 15വരെ ദീർഘിപ്പിച്ച സാഹചര്യത്തിൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം ജനുവരി അഞ്ചിന് വൈകിട്ട് മൂന്നുവരെ നീട്ടി. 29ന് എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിച്ച എൻ.ആർ.ഐ ക്വോട്ട സാദ്ധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരെയേ പ്രവേശനത്തിന് പരിഗണിക്കൂ. കൊല്ലം അസീസിയ, പാലക്കാട് കരുണ കോളേജുകളിൽ എൻ.ആർ.ഐ മുസ്ലിം ക്വോട്ട സീറ്റുകൾ നികത്താനായില്ലെങ്കിൽ എൻ.ആർ.ഐ ഓപ്പൺ സീറ്റുകളാക്കി മാറ്രി അലോട്ട്മെന്റ് നടത്തും. അഞ്ചിന് വൈകിട്ട് മൂന്നിനു ശേഷം ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകൾ മെരിറ്ര് സീറ്റുകളാക്കി മാറ്റുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ- 0471-2525300
ഹോമിയോ പി.ജി കോഴ്സ്: അപേക്ഷ മൂന്നുവരെ
തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള സർക്കാർ ഹോമിയോ മെഡിക്കൽ കോളേജുകളിൽ ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്സുകളിലെ പ്രവേശനത്തിന് AIAPGET-2020 യോഗ്യത നേടിയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ (എ.ഐ.ഐ.എ) 2020 ൽ നടത്തിയ പ്രവേശന പരീക്ഷ AIAPGET-2020 യുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിക്കുന്ന സ്റ്റേറ്റ് റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം.
www.cee.kerala.gov.in ൽ ഓൺലൈനായി മൂന്നിന് വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, സർട്ടിഫിക്കറ്റ്/മറ്റു അനുബന്ധ രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തിലേക്ക് അയയ്ക്കേണ്ടതില്ല. ഹെൽപ്പ് ലൈൻ : 0471-2525300.
പി.ജി.ആയുർവേദം: ജനുവരി മൂന്നുവരെ അപേക്ഷിക്കാം
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആയുർവേദ കോളേജുകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് AIAPGE-2020 യോഗ്യത നേടിയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രവേശനം ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ (എ.ഐ.ഐ.എ) 2020 ൽ നടത്തിയ പ്രവേശന പരീക്ഷയുടെ (AIAPGE-2020) റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിക്കുന്ന സ്റ്റേറ്റ് റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും.
www.cee.kerala.gov.in ൽ മൂന്നിന് വൈകിട്ട് അഞ്ചുമണി വരെ അപേക്ഷിക്കാം.
അപേക്ഷയുടെ പ്രിന്റൗട്ട്, സർട്ടിഫിക്കറ്റ്/മറ്റു അനുബന്ധ രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്ക്കേണ്ടതില്ല. ഹെൽപ്പ് ലൈൻ നമ്പർ: 0471-2525300.