തിരുവനന്തപുരം: മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നത് സംബന്ധിച്ച് പരിഹാസത്തിൽ പൊതിഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താലേഖകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷത്തുണ്ടാകുന്നത് സഹായകരമാകുന്ന കാര്യം തന്നെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹം നിയമസഭയിലുണ്ടാകുന്നത് നല്ലതാണ്. എനിക്കതിൽ വ്യത്യസ്താഭിപ്രായമില്ല. അതിനെ സ്വാഗതം ചെയ്യുന്നു. കുഞ്ഞാലിക്കുട്ടി നേരത്തേ നിയമസഭയിലെ ഒരാളായിരുന്നു. എന്തോ പ്രത്യേക നിലപാട് കാരണമാകാം, അല്ലെങ്കിൽ മറ്റെന്തോ പ്രത്യേക സാഹചര്യം രാജ്യത്ത് വരുന്നുവെന്ന് തോന്നിയിട്ടാകാം, പാർലമെന്റിൽ പോകാൻ അദ്ദേഹം ആഗ്രഹിച്ചു. ഇപ്പോൾ അതവസാനിപ്പിച്ച് ഇങ്ങോട്ട് വരാൻ ചിന്തിക്കുന്നുവെന്നാണ് പറഞ്ഞു കേൾക്കുന്നത്- ഊറിച്ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം സമവായത്തിലെത്തിക്കുന്നതിനാണ് സർക്കാർ നടപടി സ്വീകരിച്ചത്. രണ്ട് കൂട്ടരുടെ ഭാഗത്ത് നിന്നും നല്ല ശുഭപ്രതീക്ഷയോടെയാണ് കാര്യങ്ങൾ പുരോഗമിച്ചത്. എന്നാൽ, ഒരു ഘട്ടമെത്തിയപ്പോൾ അതിലൊരു കൂട്ടർ ഏകപക്ഷീയമായി പിൻവലിഞ്ഞു. എങ്കിലും സർക്കാർ പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കാം. പരിഹാരം കാണണമെന്ന് തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. പ്രത്യേക നിയമനിർമ്മാണമൊന്നും ആലോചിച്ചിട്ടില്ല. രണ്ട് കൂട്ടരുമായും ഇനിയും ആലോചിക്കും. മറ്റ് ക്രൈസ്തവ സഭാ മേലദ്ധ്യക്ഷരുടെ അഭിപ്രായങ്ങളും സർക്കാർ ഇക്കാര്യത്തിൽ കേട്ടിട്ടുണ്ട്. അതും പരിശോധിക്കും.
സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തയെപ്പറ്റി ചോദിച്ചപ്പോൾ, വാർത്ത അങ്ങനെ എന്തെല്ലാം വരും എന്നായിരുന്നു മറുപടി. വാർത്തയുടെ അടിസ്ഥാനത്തിൽ കാര്യം പറയാനാകുമോ? തിയേറ്ററുകൾ തുറക്കുമ്പോൾ പകുതി പേരെ മാത്രമാകും പ്രവേശിക്കുകയെങ്കിലും അതിന്റെ പേരിൽ ടിക്കറ്റ് നിരക്ക് കൂട്ടുന്നതൊന്നും തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.