പ്രദർശനത്തിന് തയാറായി അറുപതോളം ചിത്രങ്ങൾ l പകുതി സീറ്റുകളിലേക്ക് മാത്രം പ്രവേശനം l കാഴ്ചക്കാർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം
പത്തുമാസത്തോളമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ തുറക്കാൻ ഇനി മൂന്നേ മൂന്ന് ദിവസങ്ങൾ മാത്രം. ജനുവരി 5 മുതൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ അറിയിച്ചു. തിയേറ്റർ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ പ്രതിസന്ധിയിലാണെന്ന വസ്തുത കണക്കിലെടുത്താണ് തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അറുപതോളം ചിത്രങ്ങളാണ് പ്രദർശ സജ്ജമായിരിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന ദ പ്രീസ്റ്റ്, അജുവർഗീസ് നിർമ്മിച്ച് നായകനാകുന്ന സാജൻ ബേക്കറി സിൻസ് 1952, ജയസൂര്യ നായനാകുന്ന വെള്ളം, കുഞ്ചാക്കോബോബനും ജോജു ജോർജും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന നായാട്ട്, ആസിഫ്് അലി നായനാകുന്ന കുഞ്ഞെൽദോ, സുരേഷ്ഗോപി നായകനാകുന്ന കാവൽ, സോപാനം ശ്രീകുമാർ, നിഷ സാരംഗ് തുടങ്ങിയവർ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്ന ലെയ്ക്ക തുടങ്ങിയ ചിത്രങ്ങൾ ഇതിൽപ്പെടും. വിജയ്, വിജയ് സേതുപതി എന്നിവർ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്ന തമിഴ് ചിത്രം മാസ്റ്റർ, തമിഴ്നാടിനനോടൊപ്പം ജനുവരി 13ന് കേരളത്തിലും റിലീസ് ചെയ്യും.
തിയേറ്ററുകളിലെത്തുന്ന പ്രേക്ഷകർ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. തിയേറ്ററുകളിൽ പകുതി സീറ്റുകളിലേക്കുമാത്രമായിരിക്കും. പ്രവേശനം. തുറന്നു പ്രവർത്തിക്കുന്നതിനുമുൻപ് തിയേറ്ററുകൾ അണുവിമുക്തമാക്കും.