bribe

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി സർക്കാർ. ഉദ്യോഗസ്ഥർക്കെതിരെ രഹസ്യമായി പരാതി നൽകാനുള്ള ഡിജിറ്റൽ സംവിധാനമായ `അഴിമതിമുക്ത കേരളം' റിപ്പബ്ളിക് ദിനമായ 26ന് നിലവിൽ വരും. പരാതികൾ പരിശോധിക്കാൻ പുതിയ അതോറിറ്റി രൂപീകരിക്കും.

സോഫ്റ്റ് വെയറിന്റെ സഹായത്തോടെയുള്ള സംവിധാനത്തിൽ പരാതി നൽകിയാളിന്റെ പേരോ,മറ്റ് വിവരങ്ങളോ പുറത്താർക്കും ലഭിക്കില്ല. പരാതി നൽകിയതിന്റെ പേരിൽ ആരും ഒരിക്കലും ക്രൂശിക്കപ്പെടുകയോ, ശത്രുസ്ഥാനത്ത് നിറുത്തപ്പെടുകയോ ഇല്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അഴിമതി തടയാനുള്ള നിലവിലെ നടപടികൾ ഫലവത്താകാതെ വന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഒരു അതോറിറ്റിക്കു മുമ്പിലാണ് കൃത്യതയുള്ള പരാതികൾ എത്തുക. വിവരം നൽകുന്നവർ ഒരു സർക്കാർ ഓഫീസിന്റെയും പടി ചവിട്ടേണ്ടിവരില്ല. പരാതികൾ ഡിജിറ്റലായി തന്നെ ശേഖരിച്ച് അതിന്റെ നിജസ്ഥിതി ശാസ്ത്രീയ മാനദണ്ഡങ്ങളിലൂടെ മനസ്സിലാക്കി ആവശ്യമായ നടപടികൾക്കായി ഈ അതോറിറ്റി കൈമാറും. വിജിലൻസ്/ വകുപ്പുതല നടപടികൾക്ക് ഇതിനുശേഷം ആവശ്യമെങ്കിൽ അനുമതി നൽകും.

ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികൾ രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ കണ്ടശേഷമാണ് അനുമതി നൽകുക. കഴമ്പില്ലാത്ത ആരോപണങ്ങൾ ശാസ്ത്രീയമായ വിശകലനത്തിൽ കടന്നുവരികയുമില്ല. സത്യസന്ധമായ സിവിൽ സർവീസും പൊതുസേവന രംഗവും വാർത്തെടുക്കാനുള്ള ഉദ്യമത്തിൽ നാഴികക്കല്ലായിരിക്കും ഈ നടപടിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. നിലവിലെ വിജിലൻസ് നടപടികളെ ഇത് ഒരുതരത്തിലും ബാധിക്കില്ല. അഴിമതിക്കെതിരായ നിലവിലെ സംവിധാനങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.