drug

പിടിയിലായ മയക്കുമരുന്നിന് അഞ്ചുലക്ഷത്തോളം വില

തളിപ്പറമ്പ്: ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി പെൺകുട്ടി അടക്കം ഏഴംഗസംഘം തളിപ്പറമ്പ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കരിമ്പം സർ സയ്യിദ് ഹയർസെക്കൻ‌ഡറി സ്‌കൂളിന് സമീപത്തെ കെ.കെ.ഷമീറലി(21), നരിക്കോട്ടെ കെ.ത്വയിബ്(28), ഹബീബ് നഗറിലെ മുഹമ്മദ് ഹനീഫ്(32), മഞ്ചേശ്വരം പച്ചബളയിലെ മുഹമ്മദ് ശിഹാബ്(32), കാസർകോട് മംഗൽപാടിയിലെ മുഹമ്മദ് ഷഫീഖ്(22), വയനാട് പനമരത്തെ കെ.ഷഹബാസ്(24), പാലക്കാട് കുടുച്ചിറയിൽ സ്പാ നടത്തുന്ന എം.ഉമ(24) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന മാരകമയക്കുമരുന്നുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

പുതുവത്സരമാഘോഷിക്കാൻ വ്യാഴാഴ്ച്ച രാത്രി ബക്കളത്തെ ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്. രാത്രി ഇവിടെ വച്ച് നിരോധിത ലഹരി മരുന്നുകൾ ഉൾപ്പെടെ ഉപയോഗിച്ച സംഘത്തെ ഇന്നലെ രാവിലെ ബൈക്കിൽ പോകുന്നതിനിടയിലാണ് തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എം.ദിലീപിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് രണ്ടരലക്ഷം രൂപ വിലമതിക്കുന്ന 50 ഗ്രാം എം. ഡി .എം. എ, എൽ .എസ്. ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്.

ഗോവയിൽ നിന്ന് മംഗളൂരുവിൽ എത്തിക്കുന്ന ലഹരി മരുന്നുകൾ ഏജന്റുമാർ വഴിയാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് പിടിയിലായ സംഘം ചോദ്യം ചെയ്യലിൽ എക്‌സൈസ് സംഘത്തോട് വെളിപ്പെടുത്തി. തളിപ്പറമ്പ് ഹബീബ് നഗറിലെ മുഹമ്മദ് ഹനീഫാണ് സംഘത്തലവനെന്ന് എക്‌സൈസ് വെളിപ്പെടുത്തി. വ്യാഴാഴ്ച്ച വൈകുന്നേരം ഹോട്ടലിൽ മുറിയെടുത്ത സംഘം രാത്രിയിൽ ഡി .ജെ. പാർട്ടി നടത്തിയിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് രാത്രി തന്നെ എക്സ്സ് സംഘം ഇവരെ നിരീക്ഷിച്ചിരുന്നു. ഇവിടെ നിന്ന് ഒൻപതരയോടെ ബൈക്കുകളിൽ ധർമ്മശാല ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് എക്സൈസ് സംഘം തന്ത്രപൂർവം ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ദിലീപ് പറഞ്ഞു. വ്യാഴാഴ്ച്ച പല ഭാഗത്തായി മയക്കുമരുന്നുകൾ വിതരണം ചെയ്ത സംഘം ഇന്നലെ രാവിലെ മറ്റൊരു സംഘത്തിന് മരുന്ന് നൽകാനായി പോകുകയായിരുന്നുവെന്നും എക്സൈസ് വെളിപ്പെടുത്തി.

പ്രിവന്റീവ് ഓഫീസർമാരായ കെ.വി.ഗിരീഷ്, എ.അസീസ്, ടി.വി.കമലാക്ഷൻ, കെ.രാജേഷ്, രാജീവൻ പച്ചക്കൂട്ടത്തിൽ, പി.പി.മനോഹരൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്.എ.പി.ഇബ്രാഹിം ഖലീൽ, കെ.മുഹമ്മദ് ഹാരീസ്, ഫെമിൻ, പി.പി.രജിരാഗ്, കെ.വിനീഷ്, പി.നിജിഷ, എം.പി.അനു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.