കൊല്ലം: വീട്ടിൽ കാറും ഓട്ടോറിക്ഷയും ഉണ്ടായിട്ടും ഉത്രയെ പാമ്പുകടിയേറ്റന്നറിഞ്ഞ് ആശുപത്രിയിലെത്തിക്കാൻ സൂരജ് വിളിച്ചത് സുഹൃത്തിന്റെ കാർ. വിചാരണക്കിടെ പ്രതി സൂരജിന്റെ സുഹൃത്തായ സുജിത്താണ് മൊഴി നൽകിയത്. ഉത്രയെ സൂരജ് കൂട്ടുകാരുടെ വീടുകളിലോ കല്യാണങ്ങൾക്കോ കൊണ്ടുപോകാറില്ലായിരുന്നുവെന്ന് സുജിത്ത് മൊഴിനൽകി.
ഏഴംകുളം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അന്ന് രാത്രി രണ്ടരയോടെ ഉത്രയെ എന്തോ കടിച്ചു, കാറുമായി വരണമെന്ന് സൂരജ് തന്നോട് ആവശ്യപ്പെട്ടു. കാറുമായി സൂരജിന്റെ വീട്ടിൽ എത്തിപ്പോൾ ഉത്ര വേദനകൊണ്ട് കരയുകയായിരുന്നു. അന്ന് താനാണ് ഉത്രയെ കാറിൽ ആശുപത്രിയിൽ കൊണ്ടുപോയത്. ഈ സമയം സൂരജിന്റെ വീട്ടിൽ കാറും ഓട്ടോയും കിടപ്പുണ്ടായിരുന്നു. അടൂരിൽ നിന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് ഉത്രയെ കൊണ്ടുപോയ ആംബുലൻസിൽ താനും കയറി. സൂരജ് ആസമയം മുഖം കുനിച്ച് ഇരിക്കുകയായിരുന്നു.
ഉത്രയുടെ മരണവിവരമറിഞ്ഞ് അഞ്ചലിൽ എത്തിയിരുന്നു. സൂരജ് അപ്പോൾ വലിയ കരച്ചിലായിരുന്നു. പിന്നീട് സൂരജിനോട് ചോദിച്ചപ്പോൾ രാത്രി 12ന് ഉത്രയെ ബാത്ത് റൂമിൽ കൊണ്ടുപോയെന്നും രാവിലെ അമ്മയുടെ നിലവിളി കേട്ടാണ് ഓടിച്ചെന്നതെന്നും പറഞ്ഞു. അറസ്റ്റ് ചെയ്യുന്നതിന്റെ തലേന്ന് സൂരജ് ടെൻഷനിലായിരുന്നു.
സൂരജ് പാമ്പ് പിടിത്തക്കാരൻ ചാവരുകാവ് സുരേഷിനെ വിളിച്ചത് തന്റെ ഫോണിൽ നിന്നായിരുന്നുവെന്ന് മറ്റൊരു സുഹൃത്തായ എൽദോസ് മൊഴി നൽകി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് ഇക്കാര്യം താനും അറിഞ്ഞത്. തന്നോട് ഫോൺ ആവശ്യപ്പെട്ട സമയത്ത് സൂരജിന്റെ കൈയിൽ സ്വന്തം ഫോൺ ഉണ്ടായിരുന്നുവെന്നും എൽദോസ് കോടതിയിൽ മൊഴി നൽകി. നാലിന് പാമ്പ് പിടിത്തക്കാരൻ സുരേഷിന്റെ മക്കളെ സാക്ഷികളായി വിസ്തരിക്കും.