
കൊല്ലം: മരണവീട്ടിലെ വാക്കേറ്റത്തിന്റെ പേരിൽ കൊട്ടാരക്കരയിൽ സംഘർഷം. നാല് പേർക്ക് വെട്ടേറ്റു. കൊട്ടാരക്കര വെള്ളാരംകുന്ന് സ്വദേശികളായ സന്തോഷ് ഭവനിൽ സന്തോഷ്, സഹോദരൻ രതീഷ്, അയൽവാസിയായ എബനേസർ, എബനേസറിന്റെ സഹോദരൻ എന്നിവർക്കാണ് പരിക്കേറ്റത്. എബനേസറിന്റെ സഹോദരന് കാൽവിരലിൽ ചെറിയ പരിക്ക് മാത്രമേയുള്ളു. മറ്റുള്ളവർക്ക് ഗുരുതരമാണ്. ഒരാളുടെ തലയ്ക്കും മറ്റൊരാളുടെ കാലിനും ഒരാളുടെ ചെവിയ്ക്കും കൈയ്ക്കുമാണ് വെട്ടേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളാരംകുന്നിലെ മരണവീട്ടിൽ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കോളനിയിലെ ചിലർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതാണ് രാത്രിയിൽ തുടർ സംഘർഷത്തിലേക്ക് എത്തിയത്. ഇരു വിഭാഗങ്ങൾ തമ്മിൽ ആയുധങ്ങളുമായെത്തി അടിപിടിയായി. പൊലീസ് എത്തിയാണ് സംഘർഷത്തിന് അയവുണ്ടാക്കിയത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.