cpm

തിരുവനന്തപുരം: ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ നേമം ഉൾപ്പെടെ 99 നിയമസഭാ മണ്ഡലങ്ങളിൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുന്നിലെത്തിയതായി സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തൽ.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ നിന്ന് ശക്തമായി തിരിച്ചു വരാനായെന്ന് ഇന്നലെ വിവിധ ജില്ലകളിലെ ഫലത്തിന്റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. യു.ഡി.എഫിന് 41 മണ്ഡലങ്ങളിൽ മാത്രമേ മുന്നിലെത്താനായുള്ളൂ. ബി.ജെപിക്ക് എവിടെയുമില്ല. ഇന്നും നാളെയും ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ വിശദമായി ചർച്ച ചെയ്യും. ഈ കണക്കുകളിലെ ഏറ്റക്കുറച്ചിലുകൾ കൂടി പരിശോധിച്ച ശേഷമാവും പാർട്ടി അന്തിമ നിഗമനത്തിലെത്തുക.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനത്തിന്റെ കാര്യത്തിലും വലിയ തിരിച്ചുവരവ് സാധിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് നില 35.5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നെങ്കിൽ ,തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് നില 42 ശതമാനത്തിന് മുകളിലേക്കുയർന്നു. യു.ഡി.എഫിന്റെ വോട്ടിംഗ് ശതമാനത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഇടിവുണ്ടായി. 38 ശതമാനം വോട്ടേ യു.ഡി.എഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ നേടാനായുള്ളൂ . ബി.ജെ.പി വോട്ട് നിലയിലും വലിയ വർദ്ധനയുണ്ടായിട്ടില്ല. 15ശതമാനത്തിന് അല്പം മുകളിൽ മാത്രമേ അവർക്ക് ലഭിച്ചിട്ടുള്ളൂ.

അപ്രതീക്ഷിത തിരിച്ചടിയുണ്ടായ പ്രദേശങ്ങളിലെ സ്ഥിതി പ്രത്യേകം പരിശോധിക്കും. പരമ്പരാഗതമായി ഇടത് മേൽക്കൈ പ്രകടമാകുന്ന ആറ്റിങ്ങൽ, വർക്കല, പന്തളം, പാലക്കാടിന്റെയും തൃശൂരിന്റെയും ചില പോക്കറ്റുകൾ എന്നിവിടങ്ങളിൽ ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയതും എൽ.ഡി.എഫ് പിന്നാക്കം പോകാനിടയായതും പ്രത്യേകം പരിശോധിക്കും. ഇവ പ്രത്യേകമായി പരിശോധിച്ച് സ്ഥിതിഗതികൾ മനസിലാക്കി കുറവുകൾ പരിഹരിക്കാനുള്ള ഇടപെടലുണ്ടാകും.

സർക്കാരിനെതിരെ ഉയർത്തിയ ആക്ഷേപങ്ങളെ ജനങ്ങൾ തള്ളിയെന്നും , ജനക്ഷേമ, വികസന പരിപാടികൾ അംഗീകരിച്ചെന്നുമാണ് വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മേൽക്കൈ നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിറുത്താനാവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്യും. മുസ്ലിം മതന്യൂനപക്ഷങ്ങൾ ഏകപക്ഷീയമായി യു.ഡി.എഫിനെ തുണച്ചെന്ന് പാർട്ടി കരുതുന്നില്ല. ക്രൈസ്തവ മേഖലകളിൽ മുൻകാലങ്ങളേക്കാൾ മുന്നേറാനായി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ജോസ് കെ. മാണിയുടെ സാന്നിദ്ധ്യം മുന്നണിക്ക് ഗുണം ചെയ്തു. സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെ, ജില്ലാകമ്മിറ്റി തൊട്ടുള്ള കീഴ്ഘടകങ്ങളിലും റിപ്പോർട്ടിംഗുണ്ടാവും.