തിരുവനന്തപുരം: നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് രണ്ടുപ്രതികൾ തടവുചാടിയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ജയിൽ വകുപ്പ് നടപടി സ്വീകരിച്ചു. സംഭവ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പ്രിസൺ ഓഫീസർ വിമൽ വി. ഗോപാലിനെ സസ്‌പെൻഡ് ചെയ്യുകയും ജനറൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സജിത്ത് മോനെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലേക്ക് സ്ഥലം മാറ്റുകയും ചെയ്‌തു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപമുണ്ടായതായി പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. സസ്‌പെൻഡ് ചെയ്‌ത വിമലിന് പകരം തിരുവനന്തപുരം സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ജി.ഡി. ദിപിനെ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിയമിച്ചു. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞാൽ വിമലിനെ പൂജപ്പുര സെൻട്രൽ ജയിലിലാണ് മാറ്റി നിയമിക്കുന്നത്. സ്ഥലം മാറ്റിയ സജിത്ത് മോന് പകരം തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എസ്. ജുനൈദിനെയും നിയമിച്ചു. നെട്ടുകാൽത്തേരി ജയിലിൽ നിന്ന് ശ്രീനിവാസൻ, രാജേഷ് കുമാർ എന്നീ പ്രതികൾ 23നാണ് തടവുചാടിയത്.