1

പൂവാർ: കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കൊവിഡ് പോസിറ്റീവെന്ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. മൃതദേഹം കൊവിഡ് മാനദണ്ഡമനുസരിച്ച് സംസ്കരിച്ചു. സംസ്കാരം കഴിഞ്ഞപ്പോൾ ബന്ധുക്കൾക്ക് ലഭിച്ചത് കൊവിഡ് ഇല്ലെന്ന അറിയിപ്പ്. ഇതോടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തി.

അരുമാനൂർ മേലെ ചൂഴാറ്റൂർ പുത്തൻവീട്ടിൽ മുരുകേശനാശാരിയുടെ (70) മരണമാണ് ആരോഗ്യവകുപ്പിന്റെ പരിശോധനയിലെ പിഴവ് കൊണ്ട് ബന്ധുക്കൾക്ക് പോലും കാണാാനാകാതെ പൊതു ശ്മശാനത്തിൽ സംസ്കരിക്കേണ്ടിവന്നത്.

ബുധനാഴ്ച വൈകിട്ടാണ് മുരുകേശനാശാരി കുഴഞ്ഞുവീണ് മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് എന്ന് ബന്ധുക്കളെ അറിയിച്ചത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ബന്ധുക്കൾ ക്വാറന്റൈനിലായി. കൊവിഡ് മാനദണ്ഡപ്രകാരം മൃതദേഹം മാറനല്ലൂരിലെ ശ്മശാനത്തിൽ സംസ്കരിച്ചു.

റിസൾട്ട് മാറിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൂവാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഐ.എസ്. ജവഹർ പറഞ്ഞു. ഭാര്യ: സുഭദ്ര. മക്കൾ: നന്ദിനി, സുനിൽകുമാർ, സുകന്യ. മരുമക്കൾ: ശിവൻകുട്ടി, ശരണ്യ, സന്തോഷ്.