pinarayi-vijayan

തിരുവനന്തപുരം: സർക്കാരിന്റെ ജനസേവനത്തിന് പുതിയ മുഖം നൽകാനാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പത്തുപദ്ധതികൾ പ്രഖ്യാപിച്ചത്.

#വീട്ടുപടിക്കൽ സേവനം

മക്കളോ ബന്ധുക്കളോ അടുത്തില്ലാത്ത വയോജനങ്ങൾക്ക് വീട്ടുപടിക്കൽ സേവനം. ജനുവരി 10ന് മുമ്പ് വിജ്ഞാപനം ചെയ്യുന്ന മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ, സി.എം.ഡി.ആർ.എഫിൽ നിന്നുള്ള സഹായം, അത്യാവശ്യ ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കൽ എന്നിവയാവും ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. ക്രമേണ മറ്റ് എല്ലാ സേവനങ്ങളും വീട്ടിൽ ലഭ്യമാക്കും.സന്നദ്ധപ്രവർത്തകർ വീടുകളിൽ പോയി അപേക്ഷ സ്വീകരിക്കും.

#ഉന്നതവിദ്യാഭ്യാസത്തിന്

സാമ്പത്തികശേഷി കുറവുള്ള വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര സർവകലാശാലകളിൽ പഠിക്കുന്നതിനുള്ള പോരായ്മ പരിഹരിക്കാൻ എമിനെന്റ് സ്‌കോളേഴ്സ് ഓൺലൈൻ പരിപാടി. ലോകപ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞർ, സാമൂഹ്യശാസ്ത്രജ്ഞർ, ഭാഷാവിദഗ്ദ്ധർ തുടങ്ങി പ്രമുഖരുമായി ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ആശയവിനിമയം നടത്താം.

ഒരുലക്ഷം വീതം സ്‌കോളർഷിപ്പ്

വാർഷികവരുമാനം 2.5ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ ആയിരം ബിരുദധാരികൾക്ക് ഒരുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ ധനഹായ പദ്ധതിപ്രകാരം നൽകും. മാർക്ക്/ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.

#അഴിമതിമുക്ത കേരളം

അഴിമതിയെപ്പറ്റി കൃത്യമായ വിവരമുള്ളവർക്ക് ആശങ്കകളില്ലാതെ പരാതികൾ അറിയിക്കാൻ 'അഴിമതിമുക്ത കേരളം' പരിപാടി .വിവരം ലഭ്യമാക്കുന്ന ആളിന്റെ പേര് രഹസ്യമായി സൂക്ഷിക്കും.

#കുട്ടികൾക്ക് സുരക്ഷ

കുട്ടികളുടെ ആത്മഹത്യാ പ്രവണത തടയാൻ നിലവിലെ 1024 സ്‌കൂൾ കൗൺസലർമാരുടെ എണ്ണം ഇരട്ടിയാക്കും. സ്‌കൂളുകളിൽ 20 കുട്ടികളെ ശ്രദ്ധിക്കാൻ ഒരു അദ്ധ്യാപിക/ അധ്യാപകൻ

#സ്ത്രീകൾക്ക് ആശ്വാസം

സ്ത്രീകൾക്കായി ഓൺലൈൻ കൺസൾട്ടേഷൻ. സൈക്കോളജിസ്റ്റ്, നിയമ വൈദഗ്ദ്ധ്യമുള്ള വ്യക്തി, ഉയർന്ന വനിതാ പൊലീസ് ഓഫീസർ എന്നിവർ ജില്ലാതലത്തിൽ നേതൃത്വം നൽകും.

#കുട്ടികളുടെ ആരോഗ്യം

കുട്ടികളിലെ അനീമിയ കുറച്ചുകൊണ്ടുവരാനായി പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കിടയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ പരിശോധന നടത്തും.

കൗമാരപ്രായക്കാരിൽ ഹീമോഗ്ലോബിൻ അളവ് ഡെസിലിറ്ററിന് 12 ഗ്രാമെങ്കിലും എത്തിക്കാൻ ഫെബ്രുവരി 15നു മുമ്പ് പരിശോധന നടത്തി പോഷകാഹാര സാധനങ്ങൾ എത്തിക്കും.

#കെട്ടിടങ്ങൾക്ക് ഗ്രീൻ റിബേറ്റ്

മരംമുറിക്കൽ ഒഴിവാക്കുക, നിലംനികത്തൽ ഒഴിവാക്കുക, സാധ്യമാകുന്നത്ര പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിക്കുക, കിണറുകളും ശുദ്ധജലസ്രോതസുകളും കുടിവെളള ആവശ്യത്തിന് വിനയോഗിക്കാൻ കഴിയുന്ന രീതിയിൽ നിലനിർത്തുക തുടങ്ങിയ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രകൃതിസൗഹൃദ നിർമാണ രീതി അവലംബിക്കുന്ന ഗാർഹിക നിർമാണങ്ങൾക്ക് ആദ്യം ഒറ്റത്തവണയായി അടക്കുന്ന കെട്ടിടനികുതിയിൽ നിശ്ചിത ശതമാനം 'ഗ്രീൻ റബേറ്റ്' അനുവദിക്കും.

#പൊതുഇടങ്ങൾ

പ്രഭാത,സായാഹ്ന സവാരി നടത്തുവാനും കുട്ടികൾക്ക് കളിക്കാനും എല്ലാ പഞ്ചായത്തുകളിലും ഫെബ്രുവരിയിൽ പൊതുഇടം

#ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി

ഇന്റർനെറ്റിനെയും സോഷ്യൽ മീഡിയയെയും നിയന്ത്രിക്കുന്ന നിയമങ്ങളും മാനദണ്ഡങ്ങളും അറിയാനും വാർത്തകളുടെ സത്യവും അസത്യവും വേർതിരിക്കാനുമായി

'സത്യമേവ ജയതേ' എന്ന പേരിൽ ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി

#പ്രവാസി ക്ഷേമം

കോവിഡ് മഹാമാരിമൂലം

മടങ്ങിവന്ന പ്രവാസികൾക്ക് സ്ഥാപനങ്ങളിൽനിന്നു ആനുകൂല്യങ്ങൾ ലഭിക്കാൻ സർക്കാർ രേഖകൾ 15 ദിവസത്തിനുള്ളിൽ നൽകും. വിജ്ഞാപനം ചെയ്യേണ്ട കാലയളവ് ബാധകമായവ ഉൾപ്പെടില്ല.