കോവളം: മെത്തയും വീട്ടുപകരണങ്ങളും വിൽക്കാനെത്തിയ മൂന്നംഗ സംഘം ഒമ്പത് വയസുകാരന്റെ സ്വർണമാല പൊട്ടിച്ചെടുത്ത ശേഷം രക്ഷപ്പെട്ടു. മുല്ലൂർ നെല്ലിക്കുന്ന് കിഴക്കരികത്ത് വീട്ടിൽ പ്രീതയുടെ മകന്റെ ഒരു പവന്റെ മാലയാണ് നഷ്ടമായത്. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. ഓട്ടോയിലെത്തിയ സംഘം പ്രീതയുടെ വീട്ടിലെത്തി തവണ വ്യവസ്ഥയിൽ വീട്ടുപകരണങ്ങളും മെത്തയും ആവശ്യമുണ്ടോയെന്ന് അന്വേഷിച്ചു. ഇവിടെ നേരത്തെ വാങ്ങിയ ഇൻഡക്ഷൻ കുക്കർ കേടായതിനാൽ നന്നാക്കി തരാമോയെന്ന് വീട്ടുകാർ ചോദിച്ചപ്പോൾ സ്‌പാനർ അടക്കമുള്ള ഉപകരണങ്ങൾ ഓട്ടോയിലുണ്ടെന്നും അത് വാങ്ങിക്കാനും സംഘത്തിലൊരാൾ കുട്ടിയോട് പറഞ്ഞു. വീട്ടുകാർ അകത്തേയ്‌ക്ക് പോയപ്പോൾ ഇവർ കുട്ടിയുടെ മാലയുമായി രക്ഷപ്പെടുകയായിരുന്നെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.