photo

ചിറയിൻകീഴ്: ഒരു നാടിന്റെ മുഴുവൻ കാത്തിരിപ്പിന് പരിഹാരമായി ചിറയിൻകീഴ് ഓവർബ്രിഡ്‌ജ് യാഥാർത്ഥ്യത്തിലേക്ക്. നിർമ്മാണോദ്ഘാടനം 23ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ ഓവർബ്രിഡ്‌ജ് ആരംഭിക്കുന്ന സ്വാമിജി തിയേറ്ററിനു സമീപം നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലത്ത് നിർമ്മാണോദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി അറിയിച്ചു. പതിറ്റാണ്ടുകളായി ഇതുവഴിയുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും സ്വപ്നമാണ് യാഥാർത്ഥ്യമാകാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓവർബ്രിഡ്‌ജ് നിർമ്മാണത്തിനായുള്ള കരാർ നടപടിക്രമങ്ങൾ നേരത്തെ ആരംഭിച്ചെങ്കിലും കരിമ്പട്ടികയിലുള്ള ഒരു കമ്പനി മാത്രം വന്നതിനാൽ കരാർ നിറുത്തിവച്ചു. ഇങ്ങനെയും കുറച്ചു കാലതാമസമെടുത്തു. തുടർന്ന് സർക്കാർ സംസ്ഥാനത്തെ 10 ഓവർബ്രിഡ്‌ജുകൾക്ക് ദർഘാസ് ക്ഷണിച്ചതിൽ ചിറയിൻകീഴിനെയും ഉൾപ്പെടുത്തി. കരാർ എടുക്കാൻ വൻകിട കമ്പനികൾ രംഗത്ത് എത്തിയതിന്റെ അടിസ്ഥാനത്തിൽ കമ്പനികളോട് നിർമാണത്തിന്റെ രൂപരേഖ സമർപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടന്ന നടപടിക്രമങ്ങളിലാണ് ഓവർബ്രിഡ്‌ജിന് പച്ചക്കൊടി വീശിയിരിക്കുന്നത്. പദ്ധതുയുമായി ബന്ധപ്പെട്ട് നിരവധി തവണ കേരളകൗമുദി വാർത്ത നൽകിയിരുന്നു.