ആലുവ: മാനസിക നിലതെറ്റിയ ഭർത്താവിനെയും മകളെയും പോറ്റാൻ വിഷമിക്കുന്നതിനിടെ രോഗാവസ്ഥയിലായ വീട്ടമ്മയുടെ വീടും ജപ്തി ഭീഷണിയിൽ. കീഴ്മാട് പത്താം വാർഡിൽ മുതിരക്കാട് നാല് സെൻറിൽ താമസിക്കുന്ന തങ്കം വേലായുധനാണ് ദുരിതം പേറുന്നത്.
നാല് സെന്റിലെ വീടും ശോച്യാവസ്ഥയിലാണ്. ഇതേ തുടർന്ന് വിവാഹിതയായ മറ്റൊരു മകളുടെ വാടക വീട്ടിലാണ് കുടുംബം താത്കാലികമായി താമസിക്കുന്നത്. ഭർത്താവ് വേലായുധന് അപസ്മാരവും സ്‌ട്രോക്കുമുണ്ട്. തയ്യൽ മെഷീൻ മെക്കാനിക്കായിരുന്നു വേലായുധൻ. മാനസിക നില തെറ്റിയ മറ്റൊരാൾ മൂത്തമകളാണ്. 30 വയസുകഴിഞ്ഞ, ബിരുദധാരിയായ അവിവാഹിതയായ മറ്റൊരു മകളുമുണ്ട്. മാതാപിതാക്കളെയും സഹോദരിയെയും പരിചരിക്കേണ്ടതിനാൽ ഈ മകൾക്കും സ്ഥിരമായി ജോലിക്കു പോകാനാകുന്നില്ല. രണ്ടാമത്തെ മകളുടെ വീട്ടിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. ചികിത്സയ്ക്കായി വീട് പണയം വച്ച് ജില്ലാ സഹകരണ ബാങ്ക് തോട്ടയ്ക്കാട്ടുകര ശാഖയിൽ നിന്നും നാല് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ജപ്തി ഭീഷണിയായത്.
മാനസികനില തെറ്റിയ ഭർത്താവിനേയും മകളെയും കൊണ്ട് തെരുവിലിറങ്ങേണ്ടതായി വരുമല്ലോയെന്നോർത്ത് വിഷമിക്കുകയാണ് തങ്കം. ബാങ്ക് വായ്പ പരിഹരിക്കപ്പെട്ടാൽ ഭൂമിയിൽ കുടിലെങ്കിലും വച്ചു കെട്ടാമായിരുന്നുവെന്ന് പറയുന്നു ഈ വീട്ടമ്മ. സ്ഥലം തിരികെ കിട്ടിയാൽ ലൈഫ് മിഷൻ പദ്ധതിയിൽ വീട് വയ്ക്കുന്നതിന് സഹായം തേടാനാകുമായിരുന്നു. കരുണയുള്ളവരുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബം. ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. എ.സി നമ്പർ: 16920100018648. ഐ.എഫ്.എസ്.സി കോഡ്: FDRL0001692. വിവരങ്ങൾക്ക് 9072132387.