കാഞ്ഞങ്ങാട്: ചെയർപേഴ്സൺ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിലുണ്ടായ ശ്രദ്ധക്കുറവ് ബി.ജെ.പിയിലുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. പാർട്ടിയുടെ ഉത്തരവാദപ്പെട്ടവരാണ് വോട്ട് അസാധുവാക്കിയത്. നഗരസഭയിൽ ബി.ജെ.പിക്ക് സ്വതന്ത്ര ഉൾപ്പെടെ ആറ് അംഗങ്ങളാണുള്ളത്. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ ഇവരിൽ നിന്ന് കുസുമം ഹെഗ്‌ഡെയാണ് സ്ഥാനാർത്ഥിയായത്. ഇവർക്ക് പക്ഷേ ഇവരുടേതുൾപ്പെടെ മൂന്നു വോട്ടുകൾ മാത്രമെ ലഭിച്ചുള്ളൂ. കുസുമത്തിനു പുറമെ പി.കെ വീണ, സൗദാമിനി എന്നിവരാണ് കുസുമത്തിന് വോട്ടു ചെയ്തത്.
പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജ്, മുനിസിപ്പൽ സെക്രട്ടറി എൻ. അശോക് കുമാർ എന്നിവരാണ് വോട്ട് അസാധുവാക്കിയത്. തിരഞ്ഞെടുപ്പിൽ കുസമത്തിന്റെ പേര് നിർദ്ദേശിച്ചതു തന്നെ അശോക് കുമാറാണ്. ബൽരാജിന്റെ ഭാര്യ കൂടിയായ സ്വതന്ത്ര വന്ദന ബൽരാജ് വോട്ട് ചെയ്തതേയില്ല. ഫലത്തിൽ ഇതും അസാധുവിന്റെ കൂട്ടത്തിലായി. പാർട്ടിയുടെ ഉത്തരവാദപ്പെട്ടവർ തന്നെ വോട്ട് അസാധുവാക്കിയത് വല്ലാത്ത നാണക്കേടായിപ്പോയെന്ന് നേതാക്കൾ ആവലാതിപ്പെടുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് റിട്ടേണിംഗ് ഓഫീസർ കൗൺസിലർമാരോട് വോട്ട് ചെയ്യേണ്ട രീതിയെകുറിച്ച് വിശദമാക്കി കൊടുക്കുന്നുണ്ട്. ഇതിനു പുറമെ പാർട്ടി തലത്തിലും അംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രീതികളെ കുറിച്ച് അംഗങ്ങൾക്ക് കൃത്യമായി പറഞ്ഞു കൊടുത്തതാണെന്ന് ബി.ജെ.പിയുടെ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എച്ച്.ആർ ശ്രീധരൻ പറഞ്ഞു. പാർട്ടി ജില്ലാ കമ്മിറ്റി ഇക്കാര്യം പരിശോധിക്കുമെന്ന് മുതിർന്ന നേതാവ് പറഞ്ഞു. കാസർകോട്ട് പി. രമേശനെതിരെ നടപടി സ്വീകരിച്ച പാർട്ടി അതിനേക്കാൾ നാണക്കേടുണ്ടാക്കിയ കാഞ്ഞങ്ങാട്ട് സംഭവത്തിൽ നടപടിയെടുക്കാത്തതെന്തേ എന്നാണ് ചോദ്യം.