photo

സങ്കീർണമായ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാനത്തേതും മൂന്നാമത്തേതുമായ ഘട്ടം ജനുവരി ആറിന്. വരുന്ന ബുധനാഴ്ച പാർലമെന്റ് സംയുക്ത സമ്മേളനം ചേർന്ന് ഇലക്ടറൽ കോളേജ് വോട്ടുകളെണ്ണി ഫലപ്രഖ്യാപനം നടത്തും. ജനുവരി ആറിന്റേത് തിരഞ്ഞെടുപ്പിന്റെ അന്തിമ നടപടിയാണ്. നവംബർ മൂന്നിലെ ആദ്യഘട്ട പോപ്പുലർ വോട്ടെടുപ്പിലും പിന്നീട് ഡിസംബർ 14ലെ ഇലക്ടറൽ കോളേജ് വോട്ടെടുപ്പിലും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡൻ വെന്നിക്കൊടി പാറിച്ചു. പക്ഷെ അതോടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായി എന്നു ധരിക്കുന്നത് ശരിയാവില്ല. ഏകീകൃത തിരഞ്ഞെടുപ്പ് നിയമത്തിന്റെ അഭാവവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇല്ലാത്തതുമാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രക്രിയ ഇത്രയും നീണ്ടതും സങ്കീർണവുമാകാൻ കാരണം. ഇലക്ട്രൽ കോളേജിലെ ഭൂരിപക്ഷ വോട്ടാണ് ഒരു സ്ഥാനാർഥിയുടെ ജയപരാജയങ്ങൾ തീരുമാനിക്കുക. ബൈഡന് ഇലക്ട്രൽ കോളേജിലെ 306 വോട്ട് ലഭിച്ചു. ചരിത്രത്തിൽ ഏറ്റവുമധികം പോപ്പുലർ വോട്ട് നേടുന്ന പ്രസിഡന്റായി ജോ ബൈഡൻ ജനുവരി 20ന് സ്ഥാനമേൽക്കും.

ലോകത്തെ ഏറ്റവും ചെറിയ ലിഖിത ഭരണഘടനകളിലൊന്നാണ് അമേരിക്കയുടേത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആണിക്കല്ലാണ് ഇലക്ടറൽ കോളേജ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ ഭരണഘടനാ ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടത് ഇലക്ടറൽ കോളേജ് സമ്പ്രദായം പരിഷ്‌കരിക്കുന്നതു സംബന്ധിച്ചാണ്. ഭേദഗതികൾ പലതുണ്ടായെങ്കിലും ഒന്നും അംഗീകരിക്കപ്പെട്ടില്ല

കൊവിഡ് പശ്ചാത്തലത്തിൽ, നവംബർ മൂന്നിന് തന്നെ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർക്കണമെന്ന ട്രംപിന്റെ പിടിവാശി സംസ്ഥാനങ്ങൾ അംഗീകരിച്ചില്ല . എന്നുമാത്രമല്ല തിരഞ്ഞെടുപ്പ് അട്ടിമറി ഉന്നയിച്ച് ട്രംപ് നടത്തിയ കോടതി വ്യവഹാരങ്ങൾ ഏശിയതുമില്ല. അനുയായികൾ ഭൂരിപക്ഷമുണ്ടെന്നു കരുതിയ സുപ്രീംകോടതിയും ട്രംപിനെ തുണച്ചില്ല. തിരിച്ചടികൾ തുടക്കഥയായതോടെ അദ്ദേഹം കളമൊഴിയാൻ തീരുമാനിക്കുകയായിരുന്നു. ഭരണഘടന അനുസരിച്ച് ട്രംപിന് വേറെ വഴിയുണ്ടായിരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല അദ്ദേഹം. ജനുവരി ആറിലെ പാർലമെന്റ് സംയുക്ത സമ്മേളനം വരെ കാത്തിരിക്കാനാണ് പദ്ധതി. റിപ്പബ്ളിക്കൻ പാർട്ടികാർക്കില്ലാത്ത മോഹവും വിശ്വാസവുമാണത്. വെറുതെ മോഹിക്കുവാൻ മോഹം എന്നു പറയുന്നതാവും ശരി.

നിലവിലെ വൈസ് പ്രസിഡന്റാണ് ഫലം പ്രഖ്യാപനം നടത്തുക. 2016ൽ ട്രംപിന്റെ വിജയം പ്രഖ്യാപിച്ച ബൈഡന്റെ വിജയം പ്രഖ്യാപിക്കുക ട്രംപിനൊപ്പം വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെൻസാവും.

പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ സംസ്ഥാന ഗവർണർമാർ അതതു സംസ്ഥാനത്തെ ഇലക്ടറൽ കോളേജ് വോട്ടെടുപ്പ് സംബന്ധിച്ച് നൽകുന്ന സർട്ടിഫിക്കറ്റു പ്രകാരമാവും വോട്ടെണ്ണൽ നടക്കുക. ഇലക്ടറൽ കോളേജ് വോട്ടിനെക്കുറിച്ച് പാർലമെന്റ് സംയുക്ത സമ്മേളനത്തിൽ പരാതി ഉന്നയിക്കാനാവും. ഒരു സെനറ്റംഗവും ഒരു കോൺഗ്രസ് (ജനപ്രതിനിധിസഭ) അംഗവും ചേർന്ന് പരാതി എഴുതി നൽകിയാൽ അത് ചർച്ചചെയ്യാം. പരാതിയിന്മേൽ ചർച്ച വേണമോ എന്നത് സംയുക്ത സമ്മേളനത്തിന് ചുക്കാൻ പിടിക്കുന്ന നിലവിലെ വൈസ് പ്രസിഡന്റിന് തീരുമാനിക്കാം. സെനറ്റും കോൺഗ്രസും (ജനപ്രതിനിധിസഭ) വെവ്വേറെ യോഗം ചേർന്നാണ് ചർച്ച ചെയ്യുക. ഈ കച്ചിത്തുരുമ്പ് ഉപയോഗപ്പെടുത്തി ജനുവരി ആറിലെ പാർലമെന്റ് സംയുക്ത സമ്മേളനത്തിൽ പരാതി ഉന്നയിക്കാൻ തയ്യാറാകണമെന്ന ട്രംപിന്റെ ആവശ്യം പാർട്ടിക്കാർ പോലും ചെവിക്കൊണ്ടിട്ടില്ല. റിപ്പബ്ളിക്കൻ പാർട്ടിയുടെ മുതിർന്ന നേതാക്കൾ പലരും എതിർപ്പുമായെത്തി. ഭരണഘടനപ്രകാരം ഔപചാരികത മാത്രമായ പാർലമെന്റിന്റെ സംയുക്ത സമ്മേളന നടപടികൾക്ക് ട്രംപിന്റെ കുബുദ്ധി അമിത പ്രാധാന്യം നൽകിയിരിക്കുന്നു. ജനുവരി ആറിന് വാഷിംഗ്ടണിലെ ക്യാപിറ്റോൾ ഹില്ലിലും (പാർലമെന്റ് മന്ദിരം) . വൈസ് പ്രസിഡന്റ് മൈക്ക് പെൻസിലുമാവും ലോകത്തിന്റെ കണ്ണുകൾ. ഏതെങ്കിലുമൊരു സെനറ്റംഗവും കോൺഗ്രസ് അംഗവും ട്രംപിന്റെ വഴിയേ പോയാൽ അരമണിക്കൂറിൽ താഴെ സമയമെടുക്കാറുള്ള പാർലമെന്റ് സംയുക്ത സമ്മേളനം മണിക്കൂറുകൾ നീണ്ടേക്കാമെന്നല്ലാതെ ബൈഡന്റെ പരാജയമെന്നത് സങ്കൽപ്പത്തിനപ്പുറമാണ്. ട്രംപ്, ഒന്നെറിഞ്ഞു നോക്കുകയാണ്. 2024ലെ പ്രസിഡണ്ടന്റ് തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാൻ താത്പര്യമുണ്ടെന്ന് അദ്ദേഹം പറയാതെ പറയുന്നു. എഴുപത്തി ഒൻപതാം വയസിലും (2024ൽ ട്രംപിന് 79 വയസാകും.) ഇനിയൊരങ്കത്തിന് ബാല്യമുണ്ടെന്ന മോഹം റിപ്പബ്ളിക്കൻ പാർട്ടിയണികളും നേതാക്കന്മാരും എങ്ങനെ നോക്കിക്കാണുമെന്നത് കാത്തിരുന്നു കാണുക തന്നെ.
എന്തായാലും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പും അതിന്റെ നടപടിക്രമങ്ങളും സങ്കീർണവും സാധാരണക്കാരന് മനസിലാകുന്നതിനപ്പുറവുമാണ് അമേരിക്കക്കാരെ പോലും കുഴയ്‌ക്കുന്ന പ്രക്രിയയാണത്. ഇതിനെയാണ് പ്രസിഡൻഷ്യൽ ഭരണസമ്പ്രദായ വാദികൾ മേന്മയായി ഉയർത്തികാട്ടുന്നതും.