പാലോട്:റോഡ് നിർമ്മാണത്തെത്തുടർന്ന് നന്ദിയോട് ജംഗ്ഷനിലെ ഓടകൾ മൂടാത്തതിനാൽ മാലിന്യം നിറഞ്ഞ് ദുർഗന്ധവും കൊതുകും പെരുകി നാട്ടുകാരുടെ ജീവിതം ദുസഹമായിട്ടും നടപടിയെടുക്കാതെ അധികൃതർ. സ്ലാബ് ഇടുന്ന ജോലി പൂർത്തിയാക്കാതെയാണ് കരാർ കമ്പനി മടങ്ങിപ്പോയത്. നന്ദിയോട് അക്ഷയ സെന്ററിന് മുൻവശത്തെ റോഡ് വീതി കൂട്ടാൻ സ്ലാബുകൾ മാറ്റിയതിനെ തുടർന്നുണ്ടായ കുഴികളിൽ വീണ് നിരവധി പേർക്കാണ് പരിക്കേറ്റത്.ഇതേ തുടർന്ന് നാട്ടുകാർ താബൂക്ക് ഉപയോഗിച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ട്.ചന്തയിൽ നിന്ന് മാലിന്യം ഒഴുക്കിവിടുന്ന ഓട അടഞ്ഞതോടെ ചന്തയും പരിസരവും മാലിന്യക്കൂമ്പാരമായിട്ടുണ്ട്. ശാസ്ത്രീയമായി മാലിന്യ സംസ്കരണ സംവിധാനമൊരുക്കാൻ പഞ്ചായത്ത് അധികാരികൾക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. റോഡ് നിർമ്മാണ പ്രവർത്തനങ്ങളാൽ ഓട മണ്ണ് വീണ് മൂടിയതിനെ തുടർന്ന് മാലിന്യം കെട്ടിക്കിടന്ന് ഗുരുതര ആരോഗ്യ പ്രശ്നനങ്ങൾക്ക് കാരണമാകുമെന്ന് നിരവധി തവണ അധികാരികളോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.