dronar

ഒ. രാജഗോപാൽജി നിഷ്കളങ്കനും നിർമ്മമനും മര്യാദാ പുരുഷോത്തമനും ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യങ്ങളെ കാത്തുരക്ഷിക്കുന്നയാളുമാണ്. 'നേമം' വഴി സ്ഥാപിതമായ താമര ഭരണഘടനയുടെ ഉടമസ്ഥനായത് കൊണ്ടുതന്നെ അതിനോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തി ജീവിച്ച് പോകുന്നു

മുഖ്യമന്ത്രി തൊട്ട് കടകംപള്ളി മന്ത്രി വരെയുള്ളവർ മുഖ്യമന്ത്രിയും മന്ത്രിമാരുമാവാൻ സത്യവാചകം ചൊല്ലിയിരുന്നത് 'നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും...' എന്നൊക്കെ പറഞ്ഞ് കൊണ്ടായിരുന്നു. എന്നാൽ രാജഗോപാൽജിയുടെ കർണ്ണപുടങ്ങളിലേക്കെത്തിയപ്പോൾ ആ സത്യവാചകം ചൊല്ലലിൽ ഇങ്ങനെയൊരു രൂപാന്തരം അറിഞ്ഞോ അറിയാതെയോ സംഭവിച്ചുപോയി. 'നേമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട്...' എന്ന നിലയ്ക്കായിരുന്നു അദ്ദേഹം അത് ശ്രവിച്ചത്.

മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം നേമം വഴി സ്ഥാപിതമായവർ ആണെന്ന് നിഷ്കളങ്ക മനസായ രാജഗോപാൽജി അന്നേരം തൊട്ട് ധരിച്ചുപോയതിൽ അദ്ദേഹത്തെ എങ്ങനെ കുറ്റം പറയാനാകും? മുഖ്യമന്ത്രി തൊട്ട് കടകംപള്ളി മന്ത്രി വരെയുള്ളവരുടെ ഉടമസ്ഥൻ നേമം അംഗമായ താൻ തന്നെയെന്ന ഉറച്ച വിശ്വാസത്തോടെയാണ് ഓരോ സമ്മേളനകാലത്തും നിയമസഭയിലേക്ക് അദ്ദേഹം വലതുകാൽ വച്ച് കയറുന്നത്.

രാവിലെ ഉഷപൂജയും നടത്തി സഭയിലെത്താറുള്ള രാജഗോപാൽജി ഉച്ചപൂജയ്ക്ക് മുമ്പായി സഭയിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കാണുന്നവരുണ്ട്. അത് കഴിഞ്ഞും സഭ തുടരുന്നുവെങ്കിൽ രാജഗോപാൽജി വരണമെന്ന് ആരും നിർബന്ധം പിടിക്കാറില്ല. അതുകൊണ്ടുതന്നെ വന്നാൽ വന്നൂ, ഇല്ലെങ്കിൽ ഇല്ല എന്നതാണ് കീഴ്‌വഴക്കം.

നേമത്ത് നിന്ന് അക്കൗണ്ടും തുറന്ന് നിയമസഭയിലെത്തിയപ്പോൾ രാജഗോപാൽജി നേരിട്ട ആദ്യത്തെ വൈതരണി എന്ന് പറയുന്നത് സ്പീക്കർ തിരഞ്ഞെടുപ്പായിരുന്നു. മത്സരിക്കുന്ന ഓരോ പേരുകളെയും രാജഗോപാൽജി രാമമന്ത്രം ഉരുവിട്ട് കൊണ്ട് ഇഴകീറി പരിശോധിച്ച് നോക്കുകയുണ്ടായി. ശ്രീരാമകൃഷ്ണൻ എന്ന് പേരായ ദേഹി മത്സരിക്കുന്നുവെന്ന് കണ്ടെത്തിയതോടെ രാജഗോപാൽജിക്ക് സന്തോഷത്തിന് അതിരില്ലാതായി. മര്യാദാ പുരുഷോത്തമനായ തനിക്ക് വെല്ലുന്നയാൾ തന്നെയാണ് സ്പീക്കറാവാൻ എന്തുകൊണ്ടും യോഗ്യനെന്ന് അദ്ദേഹം ചിന്തിച്ചത് ആ പേര് കണ്ടിട്ടായിരുന്നു. തനിക്ക് തിരഞ്ഞെടുത്തയക്കാൻ ശ്രീരാമനോ ശ്രീകൃഷ്ണനോ നേരിട്ട് നിയമസഭയിലേക്കയച്ച പ്രതിപുരുഷൻ എന്ന ചിന്തയാൽ രാമ, രാമ... മന്ത്രം ജപിച്ച് രാജഗോപാൽജി ശ്രീരാമകൃഷ്ണന്റെ പേരിന് നേർക്ക് ബട്ടൺ അമർത്തിക്കൊടുത്തു. ശ്രീരാമകൃഷ്ണൻ സ്പീക്കർക്ക് ഒരു വോട്ട് ബോണസ്സായി കിട്ടിയത് അങ്ങനെയായിരുന്നു.

രാജഗോപാൽജിയായാൽ താമരയ്ക്ക് അക്കൗണ്ട് തുറന്ന് കൊടുക്കുന്നതിൽ തെറ്റില്ല എന്ന് പലരും വിലയിരുത്തി തുടങ്ങിയത് അന്ന് തൊട്ടായിരുന്നു. ആൾ നിർമ്മമനും നിഷ്കാമകർമ്മിയും മര്യാദാ പുരുഷോത്തമനും ആണെങ്കിലും അപാര ധൈര്യശാലിയുമാണ് രാജഗോപാൽജിയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. കേരള നിയമസഭയിൽ പ്രത്യേക പരിരക്ഷ കിട്ടേണ്ട ജനുസ്സാണ്. പ്രതിപക്ഷം ഭരണപക്ഷത്തെയും ഭരണപക്ഷം പ്രതിപക്ഷത്തെയും ആക്രമിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഇടവേളയിലെ എന്റർടൈൻമെന്റ് പോലെ താമരയ്ക്കിട്ടൊരു കൊട്ട് ഇരുപക്ഷത്ത് നിന്നും ഉണ്ടാവാറുള്ളതിനാൽ അതെല്ലാം എപ്പോഴും ഏറ്റുവാങ്ങേണ്ടി വരുന്നത് രാജഗോപാൽജിയാണ്. ദുരന്തനാടകത്തിലെ കോമിക് റിലീഫ് മാത്രമായി രാജഗോപാൽജിയെ ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയിൽ വിലയിരുത്തിപ്പോരുന്നതിനാൽ രാജഗോപാൽജിയെ പേരെടുത്ത് പറഞ്ഞ് ആരും കൊട്ടാറില്ലെങ്കിലും.

മര്യാദാ പുരുഷോത്തമൻമാരുടെ ഒരു ഗുണം അവർ ജനാധിപത്യത്തിന് ഉന്നതമായ വില കല്പിക്കുന്നു എന്നതാണ്. രാജഗോപാൽജിയും അതുതന്നെയാണ് ചെയ്തത്. കേന്ദ്രസർക്കാർ കാർഷികനിയമങ്ങൾ കൊണ്ടുവന്നത് നല്ല ഉദ്ദേശത്തോടെയാണെന്ന് രാജഗോപാൽജിക്കറിയാം. നല്ല നിയമം കൊണ്ടുവരുന്നവരെ ചീത്ത വിളിക്കുമ്പോൾ, അതിലെന്തോ പന്തികേട് രാജഗോപാൽജിക്ക് തോന്നി. അതേതാണ്ട് ശ്രീരാമന്റെ സീതാ പരിത്യാഗം പോലെയായി കാണണം. വല്ലവന്റെയും വീട്ടിൽ താമസിച്ചിട്ട് വന്നവളെ ഭാര്യയായി സ്വീകരിക്കാൻ ഞാൻ ശ്രീരാമനൊന്നുമല്ലെന്ന് നാട്ടിലേതോ ദമ്പതികൾ വഴക്ക് കൂടുന്നത് കേട്ടിട്ട് ശ്രീരാമൻ ഗർഭിണിയായ സീതയെ കാട്ടിൽ പരിത്യജിച്ചുവെന്ന കഥ രാജഗോപാൽജിയും കേട്ടിട്ടുണ്ട്. അതുകൊണ്ട് ജനാധിപത്യത്തിന് വില കല്പിക്കുമ്പോൾ ജനം പറയുന്നത് വേണം കണക്കിലെടുക്കാൻ. അതേ രാജഗോപാൽജിയും ചെയ്തുള്ളൂ.

കർഷകബില്ലുകളെ ഗർഭത്തിൽ പേറുന്ന മോദിജിയെ നിഷ്കരുണം ഉപേക്ഷിച്ച് നിയമസഭയിൽ പിണറായി സഖാവിന്റെ പ്രമേയത്തിന് കൈ പൊക്കാൻ രാജഗോപാൽജിയെ പ്രേരിപ്പിച്ചത് ഈയൊരു ജനാധിപത്യസ്പിരിറ്റ് മാത്രമാണ്. അതിനെയാണ് ഡമോക്രാറ്റിക് സ്പിരിറ്റ് എന്ന് പച്ചമലയാളത്തിൽ രാജഗോപാൽജി പറഞ്ഞതും!

നരേന്ദ്രമോദിജി നിയമസഭയിലെ പ്രമേയം പാസ്സായ ശേഷം നേമത്ത് രണ്ടാമൂഴത്തിന് രാജഗോപാൽജിയെ തന്നെ പരിഗണിക്കാൻ കേസുരേന്ദ്രൻജിയോട് കല്പിച്ചുവെന്നാണ് വർത്തമാനങ്ങൾ. എല്ലാവരും നിർബന്ധിച്ചാൽ നേമത്ത് വീണ്ടും അക്കൗണ്ട് തുറന്ന് കൊടുക്കാൻ രാജഗോപാൽജി മടിക്കില്ല.

ഇ-മെയിൽ: dronar.keralakaumudi@gmail.com