1

തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാകുന്നതിനു മുമ്പു തന്നെ തിരുവല്ലത്തിനടുത്ത് ബൂത്ത് സ്ഥാപിച്ച് ടോൾ പിരിക്കാൻ നീക്കം. ഇതിനായി തിരുവല്ലം വേങ്കറ മുതൽ പാച്ചല്ലൂർ കൊല്ലന്തറ വരെയുള്ള റോഡും സർവീസ് റോഡും ഇടിച്ചുപൊളിച്ച് ആ ഭാഗത്തെ തണൽമരങ്ങളും മുറിച്ചുമാറ്റിയാണ് ബൂത്ത് നിർമ്മിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഇ.പി.സി (എൻജിനിയറിംഗ്, പ്രൊക്യൂർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) വ്യവസ്ഥയിലുള്ള ബൈപ്പാസാണിത്. ബി.ഒ.ടിക്കു പകരം കേന്ദ്ര ഉപരിതല റോഡ് ഗതാഗതവകുപ്പ് കൊണ്ടുവന്ന ഈ വ്യവസ്ഥ പ്രകാരം നിർമ്മാണശേഷം കരാറുകാരന് റോഡിൽ അവകാശമില്ല. അതിനാൽ ടോൾ പിരിക്കാനും കഴിയില്ല. ഈ വ്യവസ്ഥ തെറ്റിച്ചാണ് നിർമ്മാണം നടക്കുന്നത്. ടോൾ പിരിക്കുന്നുണ്ടെങ്കിൽ അതത് സർക്കാർ തീരുമാനം അനുസരിച്ചാകണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഇതിനുള്ള അനുവാദം നൽകിയെന്ന് വ്യക്തമാക്കിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ പണിത ബൈപ്പാസുകളിൽ സുഗമമായ ഗതാഗതം കൂടി കണക്കിലെടുത്താണ് ടോൾ പിരിക്കുന്നത്. അവിടങ്ങളിൽ ബൈപ്പാസുകളെ മുറിച്ചുകൊണ്ട് മറ്റ് റോ‌ഡുകൾ കടന്നുപോകുന്നതുതന്നെ വിരളമാണ്. ഇവിടെ കോവളം മുതൽ കഴക്കൂട്ടം വരെ 23 കിലോമീറ്ററിനുള്ളിൽ ആറിടത്താണ് സംസ്ഥാന റോഡ് ബൈപ്പാസിനെ മുറിച്ച് കടന്നുപോകുന്നത്. ഇവിടങ്ങളിലെല്ലാം സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

കോവളം മുതൽ കാരോട് വരെയുള്ള ഭാഗത്ത് ഇത്രയും പ്രശ്‌നങ്ങളില്ല. പി.ഡബ്ല്യു.ഡി റോഡ് കടന്നുപോകുന്നിടത്തെല്ലാം ഓവർബ്രിഡ്‌ജ് അല്ലെങ്കിൽ അടിപ്പാത നിർമ്മിച്ച് സുഗമമായാണ് ഗതാഗതം. ഇവിടങ്ങളിൽ ബൈപ്പാസ് ഉപയോഗിക്കുന്നവർ മാത്രമാണ് റോഡിലൂടെ കടന്നുപോകുന്നത്. കോവളം മുതൽ കഴക്കൂട്ടത്തേക്കു വരുമ്പോൾ പൊതുമരാമത്ത് റോഡും ബൈപ്പാസും ചിലയിടങ്ങളിൽ ഒന്നാണ്. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ കടന്നുപോകുന്നത് ബൈപ്പാസ് വഴിയാണ്. ആ റോഡു ഉപയോഗിക്കാൻ ടോൾ നൽകേണ്ടിവരുന്നത് ഗതികേടായിരിക്കുമെന്നാണ് സ്ഥിരം യാത്രക്കാർ പറയുന്നത്. ഓഫീസിൽ പോകുന്നവരുടെ വാഹനങ്ങളും സ്‌കൂൾ ബസുകളുമെല്ലാം ടോൾ കൊടുക്കേണ്ടിവരുമെന്നാണ് ആശങ്ക.

 പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങൾ

1. ഈഞ്ചയ്‌ക്കലിൽ ബൈപ്പാസിനുവേണ്ടി ഓവർബ്രിഡ്‌ജ് നിർമ്മിക്കാത്തതുകാരണം ഇവിടം കടന്നുപോകണമെങ്കിൽ രണ്ടുവട്ടം സിഗ്നൽ തെളിയാൻ കാത്തുനിൽക്കേണ്ടിവരുന്നു.

2. തിരുവല്ലത്ത് ബൈപ്പാസിന്റെ ഒരു വശത്തുമാത്രമാണ് ഇപ്പോൾ പാലം നിർമ്മിച്ചത്. അവിടെ പഴയ പാലത്തിലൂടെ രണ്ടുവശത്തുമായി ഗതാഗതം നടക്കുന്നതിനാൽ അപകടം പതിവാണ്.