ദേശീയപാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളായ വൈറ്റില, കുണ്ടന്നൂർ എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾ ജനുവരി ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കേരളീയർക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെ പുതുവത്സര സമ്മാനമാണിത്. കിഫ്‌ബി മുഖാന്തരം 169 കോടി രൂപ ചെലവഴിച്ചാണ് ഈ രണ്ട് മേൽപ്പാലങ്ങളുടെയും നിർമ്മാണം പൂർത്തീകരിച്ചത്. നിർമ്മാണത്തിന്റെ മേൽനോട്ടം നിർവഹിച്ചത് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗമാണ്. നാലുവരിയായി നിർമ്മിച്ച രണ്ട് മേൽപ്പാലങ്ങളുടെയും പൂർത്തീകരണത്തോടെ എറണാകുളത്തെ ഗതാഗതക്കുരുക്കിന് ഏറെക്കുറെ പരിഹാരമുണ്ടാകും.
കൊല്ലം മുതൽ എറണാകുളം വരെയുള്ള 150 കിലോമീറ്റർ ദൂരത്തിൽ രണ്ട് ബൈപ്പാസുകളും മൂന്ന് മേൽപ്പാലങ്ങളും ഉൾപ്പെടെ സംസ്ഥാന സർക്കാർ 950 കോടി രൂപ ചെലവഴിച്ച അഞ്ച് പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാക്കിയത്. ഒരുപക്ഷേ ലോകത്ത് തന്നെ ഇത്രയും ദൂരത്തിനുള്ളിൽ രണ്ട് ബൈപ്പാസുകൾ ഉൾപ്പെടെ അഞ്ച് പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നത് ആദ്യമായിരിക്കും. പിണറായി സർക്കാരിന്റെ വികസന കാഴ്ചപ്പാടുകൾ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കുകയാണ് പൊതുമരാമത്ത് വകുപ്പ്.
ദേശീയപാതയിലെ ദീർഘദൂര യാത്രക്കാരുടെയും കൊല്ലം നിവാസികളുടെയും ദീർഘകാല ആവശ്യമായിരുന്ന കൊല്ലം ബൈപ്പാസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. 352 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കൊല്ലം ബൈപ്പാസിന്റെ നിർമ്മാണ ചെലവിന്റെ 50 ശതമാനം (176.025 കോടി രൂപ) സംസ്ഥാന സർക്കാരാണ് വഹിച്ചത്.
വർഷങ്ങളായി മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപ്പാസ് റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലമാണ് വൈകാൻ ഇടവന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും കേന്ദ്ര റെയിൽവേ മന്ത്രിയുമായി പലതവണ നടത്തിയ ചർച്ചയുടെയും അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് ബൈപ്പാസ് നിർമ്മാണം യാഥാർത്ഥ്യത്തിലേക്കെത്തുകയാണ്. ബൈപ്പാസിനായി ചെലവഴിച്ച 348.43 കോടി രൂപയുടെ 50 ശതമാനം (174.215 കോടി രൂപ) സംസ്ഥാന സർക്കാരാണ് വഹിച്ചത്. ഇതോടൊപ്പം കളർകോട്, കൊമ്മാടി എന്നീ ജംഗ്ഷനുകളുടെ നവീകരണത്തിനായി 6.10 കോടി രൂപയും ബൈപ്പാസിൽ വൈദ്യുതി വിളക്കുകൾ, സിഗ്നൽ ലൈറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിന് 3.13 കോടി രൂപ ഉൾപ്പെടെ 9.23 കോടി രൂപ സംസ്ഥാന സർക്കാർ പ്രത്യേകമായി ചെലവഴിക്കുകയും ചെയ്തു. ജനുവരി മാസത്തോടെ ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുണ്ടന്നൂർ മേൽപ്പാലത്തിനായി 86 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. സംസ്ഥാന സർക്കാർ 83 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച വൈറ്റില മേൽപ്പാലവും എല്ലാ സാങ്കേതിക തികവോടും കൂടിയാണ് നിർമ്മിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിൽ വികസന പ്രവർത്തനങ്ങൾക്ക് എതിരായി ചിലർ തുടർച്ചയായി ദുഷ്‌പ്രചരണങ്ങൾ ബോധപൂർവം സംഘടിപ്പിക്കുന്നു. വൈറ്റില മേൽപ്പാലത്തിന്റെ ഉയരം സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാർത്ത നവമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന സാഹചര്യമുണ്ടായി. പാലം നിർമ്മാണം പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ പാലത്തിലൂടെ ഗതാഗതം അനുവദിക്കണമെന്ന് ചില കോണുകളിൽ നിന്നും ആവശ്യം ഉയരുന്നു. ഇതെല്ലാം വിരൽചൂണ്ടുന്നത് ശരിയായ വികസനത്തിന് എതിരായി എറണാകുളത്ത് ചിലർ ബോധപൂർവമായി പ്രചരണങ്ങൾ സംഘടിപ്പിക്കുന്നു എന്നതാണ്. പാലങ്ങളുടെ ഭാരപരിശോധന ഉൾപ്പെടെയുള്ള സാങ്കേതിക നടപടിക്രമങ്ങൾ കൃത്യമായി പൂർത്തീകരിച്ച് ചീഫ് എൻജിനീയർ നൽകുന്ന പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭ്യമാകാതെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുവാൻ കഴിയില്ലെന്ന വസ്തുത മറച്ചുവച്ചുകൊണ്ടാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.
പിണറായി സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിനായി തുറന്ന് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് മാസത്തോടെ പാലം നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് ഇ. ശ്രീധരനും കരാർ കമ്പനിയും ഉറപ്പ് നൽകിയിട്ടുള്ളത്.
ചരിത്രപരമായ നേട്ടമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ പിണറായി സർക്കാരും പൊതുമരാമത്ത് വകുപ്പും കൈവരിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും പത്ര - ദൃശ്യ മാദ്ധ്യമങ്ങളുടെയും അകമഴിഞ്ഞ പിന്തുണ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് എക്കാലവും ലഭിച്ചിട്ടുണ്ടെന്നത് എടുത്തുപറയണം.