നർമ്മവും നന്മയും നിറഞ്ഞതാണ് സത്യൻ അന്തിക്കാട് സിനിമകൾ. ഇപ്പോഴും നന്മ നിറഞ്ഞതാണ് അന്തിക്കാടിന്റെ ഭൂമിക. തികച്ചും സാധാരണക്കാരായ നാട്ടുകാർ. ഇവിടെ നിന്നാണ് നർമ്മം തുളുമ്പുന്ന കഥാപരിസരവും കഥാപാത്രങ്ങളെയും അധികവും കണ്ടെത്തിയത്. എന്നും എപ്പോഴും നർമ്മം നിറഞ്ഞതാണ് സത്യൻ കഥാപാത്രങ്ങൾ. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ" എന്ന് ഇന്നും മലയാളി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാചകമാണ്. സിനിമയിലെയും സമൂഹത്തിലെയും ഓരോ പുതുമകളെയും നിരീക്ഷിക്കുന്ന ആളാണ് സത്യൻ അന്തിക്കാട്. എല്ലാ സത്യൻ സിനിമയിലെ കഥാപാത്രങ്ങളെ കാണുമ്പോഴും ഇയാൾ അപരിചിതനല്ലേ എന്നു പ്രേക്ഷകന് തോന്നാറുണ്ട്. അവരുടെ നർമ്മം ഏറെ പരിചിതവും.
സന്ദേശം സിനിമയിലെ നർമ്മം ഏറെ ഹൃദ്യമായി അനുഭവപ്പെടുന്നു. ആ സിനിമയിൽ ആരെയെങ്കിലും കുത്തിനോവിക്കുന്ന രംഗങ്ങളില്ല. വിമർശിക്കപ്പെടുന്നവർക്കുപോലും രസം തോന്നുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ''ശക്തമായ വിമർശനങ്ങൾക്കുള്ള ഏറ്റവും നല്ല ഉപാധി നർമ്മമാണ്. ആർക്കും എതിർപ്പ് തോന്നില്ല. ഇ.കെ. നായനാർ പോലും പ്രസംഗത്തിലൂടെ അതാണല്ലോ ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ശത്രുതയോടെയുള്ള എതിർപ്പുകളോ വിമർശനങ്ങളോ ഉണ്ടാകില്ലെന്നുറപ്പായിരുന്നുവെന്ന്.""സത്യൻ അന്തിക്കാട് തന്നെ പറഞ്ഞിട്ടുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്.
ജീവിതത്തിലെ പല വിഷമ ഘട്ടങ്ങളെയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ കഴിയുന്നത് സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ പ്രത്യേകതയാണ്. ഓരോ സിനിമയിലൂടെയും ഓരോ സന്ദേശം നൽകുന്നു. ഒരുപാട് വിഷയങ്ങൾ സിനിമയാക്കിയിട്ടുണ്ടെങ്കിലും എല്ലാത്തിലും മലയാളിത്തമുണ്ട്. പൊന്മുട്ടയിടുന്ന താറാവ് സിനിമയിലെ വെളിച്ചപ്പാടും പശുവിനെ കളഞ്ഞ പാപ്പിയും മൂത്ത തട്ടാനും ചായപ്പീടികക്കാരനുമൊക്കെ അന്യരല്ലാതെ നിൽക്കുന്നു. ചിരിച്ചും കളിച്ചും പ്രണയിച്ചും മോഹിപ്പിച്ചും കൂടെനിന്ന് പെട്ടെന്നൊരു സുപ്രഭാതത്തിൽ പിൻവലിയുകയും മറ്റൊരു പുളിക്കൊമ്പിൽ കൂടുകൂട്ടുകയും ചെയ്യുന്ന 'സ്നേഹലത" മാർ ഇപ്പോഴും നമുക്കിടയിലുണ്ട്. ഇപ്പോൾ ഇത്തരക്കാരെ 'തേപ്പുകാരി" കളെന്ന് വിളിക്കുന്നു.ഒരു കല്യാണത്തിനു പോയാൽ താലികെട്ട് കഴിയുമ്പോഴേക്കും ഇടിച്ചുകയറി സദ്യ ഉണ്ണാൻ ഓടുന്ന മലയാളിയെ നമ്മൾ കാണാറുണ്ട്. ഇവിടെയും ഒരു നർമ്മമുണ്ട്. നമ്മുടെ നാട്ടിൻപുറത്തെ വയലുകളിൽ ഞാറ്റുപാട്ടും പാടി ഞാറു നടുന്ന ബംഗാളികളെ കണ്ടു. അവർ പാടിയാൽ ആരാണ് ചിരിക്കാതിരിക്കുക, സത്യൻ അന്തിക്കാട് സിനിമയിൽ ഏറ്റവും നർമ്മം വിതറിയ ശങ്കരാടിയും ഒടുവിലും കുതിരവട്ടം പപ്പുവും കൃഷ്ണൻകുട്ടിനായരും ഫിലോമിനയുമൊക്കെ പോയെങ്കിലും ഇപ്പോഴും ഓർമപ്പെടുത്തുന്നു അവരുടെ കഥാപാത്രങ്ങൾ. നമുക്കിടയിലുള്ള ഒരാൾ എന്ന തോന്നലും അവരുടെ വർത്തമാനം പറച്ചിലും സത്യൻ സിനിമകൾ കാണുന്ന പ്രേക്ഷകന് അനുഭവപ്പെടുന്നു.