bribe

മുഖ്യമന്ത്രി പിണറായി വിജയൻ പുതുവർഷ ദിനത്തിൽ പ്രഖ്യാപിച്ച പത്തു ജനപ്രിയ പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയം 'അഴിമതി മുക്ത കേരളം" പരിപാടിയാണെന്ന് നിസംശയം പറയാം. രാജ്യത്ത് ജനകീയ സർക്കാരുകൾ വന്ന കാലം മുതൽ കേൾക്കുന്നതാണ് ഭരണരംഗത്തെ അഴിമതി മുക്തമാക്കാൻ സ്വീകരിക്കുന്ന നെടുങ്കൻ പ്രഖ്യാപനങ്ങൾ. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ അവരുടെ സേവനത്തിനായി അനവധി കാര്യങ്ങൾ ചെയ്യാറുണ്ട്. അതിനൊപ്പം തന്നെ വിവിധ മേഖലകളിൽ അഴിമതിയും വളരുന്നുണ്ട്. രാജ്യം വളർന്നതിനൊപ്പം അഴിമതി തടയുന്നതിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഒളിഞ്ഞും തെളിഞ്ഞും അത് കൂടെത്തന്നെയുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. കൂടക്കൂടെ ഭരണാധികാരികൾ അതേക്കുറിച്ച് പറയേണ്ടിവരുന്നതു തന്നെ അതുകൊണ്ടാണ്.

പൊതുജനങ്ങൾക്ക് ചുറ്റും നടക്കുന്ന അഴിമതികളെക്കുറിച്ച് വിവരം നൽകാൻ കഴിയുമാറ് അഴിമതി മുക്ത കേരളം പരിപാടി നടപ്പാക്കാനുള്ള പുതിയൊരു സംവിധാനത്തെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. പ്രധാനമായും സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ടാണ് പൊതുജനങ്ങൾ അഴിമതിയുമായി നേർക്കുനേർ ബന്ധപ്പെടേണ്ടിവരാറുള്ളത്. അതുപോലെ വിവിധ വകുപ്പുകൾക്കു കീഴിൽ നടക്കുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട അരുതാത്തതുകളും ശ്രദ്ധയിൽപ്പെടാറുണ്ട്. അഴിമതി ഏതു തരത്തിലുള്ളതായാലും പൊതുജനങ്ങൾ അത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണം. അതിനായി പ്രത്യേകമായൊരു ഡിജിറ്റൽ സംവിധാനം ഒരുങ്ങുകയാണ്. അഴിമതിയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതി പരിശോധിക്കാനും നടപടി സ്വീകരിക്കാനും അതോറിട്ടി രൂപീകരിക്കും. പരാതികൾ ആദ്യം എത്തുക ഈ അതോറിട്ടിയിലായിരിക്കും. പരാതിയുടെ ഉള്ളടക്കം പരിശോധിച്ച് അത് ആര് കൈകാര്യം ചെയ്യണമെന്ന് തീരുമാനമെടുക്കും. വിജിലൻസാണ് പ്രശ്നം പരിശോധിക്കേണ്ടതെങ്കിൽ അവർക്കു കൈമാറും. അതല്ല വകുപ്പുതല നടപടിയാണു വേണ്ടതെങ്കിൽ അങ്ങനെ. പരാതികൾ അതോറിട്ടിയിലെ രണ്ട് ഉദ്യോഗസ്ഥന്മാർ പരിശോധിച്ച് കഴമ്പുള്ളവയാണെന്ന് ഉറപ്പുവരുത്തുകയും വേണം. പരാതിക്കാരുടെ പേരുവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നതിനാൽ സന്ദേഹമേതുമില്ലാതെ ആർക്കും അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനുള്ള അവസരമാണ് വരുന്നത്. റിപ്പബ്ലിക് ദിനത്തിൽ പുതുമയാർന്ന ഈ സംവിധാനം നിലവിൽ വരും. എത്ര വലിയ അഴിമതി ശ്രദ്ധയിൽപ്പെട്ടാലും അതു സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആളുകൾ തയ്യാറാകാത്തത് വെറുതേ എന്തിന് പുലിവാലു പിടിക്കുന്നു എന്ന് കരുതിയാവും. അഴിമതി ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ ജീവൻ പോലും നഷ്ടമായവരുണ്ട്. അഴിമതിക്കാരുടെ പിന്നിൽ എപ്പോഴും സംഘടിത ശക്തി ഉണ്ടാവും. എന്തുചെയ്യാനും മടിയില്ലാത്ത അവരുടെ ഭീഷണി സദാ നേരിട്ടുവേണം അഴിമതിക്കെതിരെ കുരിശുയുദ്ധത്തിന് മുന്നിട്ടിറങ്ങാൻ. പരാതി നൽകുന്നയാളിന്റെ വിവരങ്ങൾ അഴിമതിക്കാരന് എത്തിച്ചുകൊടുക്കാനും ആൾക്കാരുണ്ടാകും. ഇങ്ങനെ വിവരം രഹസ്യമായി നൽകുന്നവർക്കും കിട്ടും അഴിമതിക്കാരുടെ പാരിതോഷികങ്ങൾ. പരാതി നൽകൽ ഡിജിറ്റൽ രൂപത്തിലാകുമ്പോൾ പരാതിക്കാരന്റെ വിവരങ്ങൾ പരാതി കൈകാര്യം ചെയ്യുന്ന അതോറിട്ടിയിലുള്ളവരല്ലാതെ പുറത്താരും അറിയാൻ പോകുന്നില്ല. പുതിയ സംവിധാനത്തിന്റെ മെച്ചവും അതാണ്. കള്ളവാറ്റ് പിടിക്കാൻ എക്സൈസ് സംഘം ഓഫീസ് വിട്ടിറങ്ങും മുൻപേ വിവരം വാറ്റുകാരൻ അറിയും. നികുതി വെട്ടിപ്പുകാരന്റെ വസതിയിലും സ്ഥാപനങ്ങളിലും നടക്കാറുള്ള റെയ്‌ഡുകളുടെ സ്ഥിതിയും ഇതുതന്നെ. എന്തിനു സ്ഥിരമായി കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കൈയോടെ കുടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണിപ്പോൾ. പിടിക്കാനെത്തുന്ന വിജിലൻസുകാരെ വെട്ടിക്കാനുള്ള പുതിയ വഴികൾ അഴിമതിക്കാർക്കു നന്നായി അറിയാം. അപ്പാവികൾ മാത്രമാകും വല്ലപ്പോഴും അവരുടെ വലയിൽ കുടുങ്ങുന്നത്.

അഴിമതി എന്ന ദുർഭൂതം സൃഷ്ടിക്കുന്ന തിന്മകളെക്കുറിച്ച് സർക്കാരിനും സമൂഹത്തിനും തികഞ്ഞ ബോദ്ധ്യമുണ്ട്. എന്നാൽ ഫലപ്രദമായി അതു തടയാനാകുന്നില്ല. സർവീസിൽ അഴിമതി നിലനിൽക്കുന്നതിന്റെ പ്രധാന കാരണം സേവനങ്ങൾ ലഭ്യമാക്കുന്നതിൽ വരുന്ന കാലതാമസമാണ്. സേവനം വൈകുന്തോറും കൈക്കൂലിയുമായി ആളുകൾ എത്തും. ക്രമേണ അത് ആചാരം പോലെയാകും. കൈക്കൂലി വച്ചുനീട്ടാതെ ഒരു കാര്യവും നടക്കാത്ത വകുപ്പുകൾ മുമ്പുണ്ടായിരുന്നു. ജനങ്ങൾക്ക് കൂടുതൽ അവകാശബോധം ഉണ്ടാകാൻ തുടങ്ങിയതോടെ സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്.

ഏതു സേവനവും നിശ്ചിത സമയത്തിനകം ലഭ്യമാകുമെന്ന് ഉറപ്പുവരുത്താൻ ഭരണാധികാരികൾക്കു കഴിഞ്ഞാൽ അഴിമതി ഗണ്യമായി കുറയും. ഇതിനു വേണ്ടത് സുതാര്യവും കാര്യക്ഷമവുമായ ഭരണരീതിയാണ്. തങ്ങളാണ് യജമാനന്മാർ എന്ന ഉദ്യോഗസ്ഥ മനോഭാവം മാറ്റിയെടുക്കണം. ആവശ്യവുമായി സമീപിക്കുന്നവരെ ആട്ടിയിറക്കുന്ന എത്രയോ ഉദ്യോഗസ്ഥരെ ഇന്നും കാണാം. ചെല്ലുന്ന ആളിന്റെ രൂപവും വേഷവും നോക്കി അപേക്ഷയിൽ തീരുമാനമെടുക്കുന്നവരുണ്ട്. പടി നിശ്ചയിച്ച് അനുമതി നൽകുന്നവരും ധാരാളം. റിപ്പബ്ളിക് ദിനത്തിൽ നടപ്പിൽ വരുന്ന രഹസ്യ ഡിജിറ്റൽ പദ്ധതിയിലൂടെ എല്ലാം മാറ്റിയെടുക്കാനാവില്ലെങ്കിലും ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഒരു സംരംഭം തന്നെയാകും അത്.

സർക്കാർ ആനുകൂല്യങ്ങൾക്കോ പരാതി നൽകാനോ വേണ്ടി വയോജനങ്ങൾ സർക്കാർ ഓഫീസുകളിൽ എത്താതെ സേവനങ്ങൾ അവരുടെ വീടുകളിൽ എത്തിക്കാനുള്ള സംവിധാനവും പുതുമയുള്ളതു തന്നെ. മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ്, സുരക്ഷാ പെൻഷനുള്ള അപേക്ഷ, ദുരിതാശ്വാസ സഹായം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, അത്യാവശ്യ മരുന്നുകൾ എന്നിവ വീടുകളിലെത്തിക്കാനാണ് ആദ്യ ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. ഈ മാസം പത്തിന് അതിനുള്ള വിജ്ഞാപനമിറങ്ങുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. പുതിയ പത്തു ജനപ്രിയ പദ്ധതികളിൽ സവിശേഷ പ്രാധാന്യമർഹിക്കുന്നതാണ് വയോജനങ്ങൾക്കു വേണ്ടിയുള്ള ഈ കരുതൽ.

അഴിമതി ഇല്ലാതാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കൊപ്പം ജനങ്ങളും തങ്ങളുടേതായ പങ്കുവഹിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ തിന്മ ഇല്ലാതാക്കാനാവൂ. അഴിമതിക്കാരെ സർക്കാരിനു കാട്ടിക്കൊടുക്കുന്ന കാര്യത്തിൽ ഒരു ഉപേക്ഷയും വരുത്തരുത്. ഇതിനായുള്ള പുതിയ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം. അതുപോലെ പരാതികളിൽ എന്തു നടപടി എടുത്തു, എത്ര പേരെ ശിക്ഷിച്ചു എന്നും മറ്റുമുള്ള കാര്യങ്ങൾ പരാതിക്കാരെ അറിയിക്കാനുള്ള സംവിധാനവും ഉണ്ടാകണം. കുറ്റമറ്റ നിലയിൽ അതു പ്രവർത്തിക്കുകയും വേണം.