sucicide

 ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും തൊഴിലാളികളും

തിരുവനന്തപുരം: 146 ദിവസമായി പൂട്ടിക്കിടക്കുന്ന കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിൽ കയറ്റിറക്ക് തൊഴിലാളി ജീവനൊടുക്കി. വേളി മാധവപുരം പുതുവൽ പുത്തൻവീട്ടിൽ പ്രബുലകുമാറിനെയാണ് (50) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനാണ് തൊഴിലാളികൾ വസ്ത്രം മാറുന്ന കെട്ടിടത്തിന് മുന്നിൽ ഇന്നലെ രാവിലെ ആറോടെ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിച്ചു. പ്രബുലകുമാർ ഐ.എൻ.ടി.യു.സി പ്രവർത്തകനാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും തൊഴിലാളികളും പറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് ഫാക്ടറി ഭാഗികമായി പൂട്ടിയതോടെ തൊഴിലാളികൾ സമരത്തിലാണ്. ഇതേത്തുടർന്ന് അസംസ്‌കൃത വസ്‌തുക്കൾ കിട്ടാനില്ലെന്ന് കാണിച്ച് മാനേജ്‌മെന്റ് ഫാക്ടറി പൂട്ടി. 28 വർ‌ഷം ഇവിടെ തൊഴിലാളിയായിരുന്ന പ്രബുലകുമാർ വെള്ളിയാഴ്ച വൈകിട്ട് വരെ സമരപ്പന്തലിലുണ്ടായിരുന്നു. പൂട്ടിക്കിടക്കുന്ന ഫാക്ടറിയിൽ നിന്ന് ഗുജറാത്തിലേക്ക് യന്ത്രങ്ങൾ കടത്തിയെന്നും തൊഴിലാളികൾ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇവർ സമരം ശക്തമാക്കിയത്. പ്രബുലകുമാറിന്റെ ഭാര്യ മഹേശ്വരി അഴിയൂരിലുള്ള കയർ സൊസൈറ്റിയിലെ തൊഴിലാളിയാണ്. മക്കൾ: അലീനയും (15), അലൻ (13). പരേതനായ പ്രഭാകരൻ-പെണ്ണമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് പ്രബുലകുമാർ.

 ദുരൂഹതയുണ്ടെന്ന് തൊഴിലാളികൾ

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് വരെ സമരപ്പന്തലിലുണ്ടായിരുന്ന പ്രബുലകുമാർ വീട്ടിലെത്തി അമ്മയുടെ കൈയിൽ നിന്ന് ചായ വാങ്ങി കുടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായത്. രാത്രി വൈകിയും വീട്ടിലെത്താതായതോടെ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചു. പൊലീസിലും പരാതി നൽകി. രണ്ടുതവണ ഫാക്ടറിയിൽ അന്വേഷിച്ചെങ്കിലും സുരക്ഷാജീവനക്കാർ കണ്ടില്ലെന്നറിയിച്ചു.

മരണവാർത്ത അറിഞ്ഞതോടെ തൊഴിലാളികൾ ഫാക്ടറിയിൽ തടിച്ചുകൂടി. കളക്ടർ വരാതെ മൃതദേഹം മാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടുമായി ഇവർ ഫാക്ടറിയിൽ പ്രതിഷേധിച്ചു. അതിനിടെ യു.ടി.യു.സി യൂണിയൻ പ്രസിഡന്റ് എൻ.കെ. പ്രേമചന്ദ്രൻ എം.പി സ്ഥലത്തെത്തി. സമരം ചെയ്‌തവരെ പിരിച്ചുവിട്ടെന്നും സ്ഥലം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഒത്താശയില്ലാതെ ഇങ്ങനെ നടക്കില്ല. മരണത്തിൽ തൊഴിലാളികൾക്ക് സംശയമുണ്ടെന്നും പൊലീസ് അന്വേഷിക്കണമെന്നും എം.പി പറഞ്ഞു. പ്രതിഷേധം രൂക്ഷമായതോടെ സബ്കളക്ടർ എം.വി. മാധവിക്കുട്ടി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി ഫോർട്ട് എ.സി സ്റ്റുവർട്ട് കീലറുമായി സംസാരിച്ച് 11ഓടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.

 പ്രതിഷേധിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചു. അതിനിടെ പ്രതിഷേധവുമായെത്തിയ യൂണിയൻ പ്രതിനിധികളെയും പ്രവർത്തകരെയും പൊലീസ് വിരട്ടിയോടിച്ചു. തുടർന്ന് മന്ത്രി പ്രബുലകുമാറിന്റെ വീട് സന്ദർശിച്ചു. കമ്പനി മാനേജ്മെന്റ് പ്രതിനിധികളായ എസ്. ശ്യാം, മഹേഷ് എന്നിവരുമായി ഫോണിലും സംസാരിച്ചു.

കമ്പനി ഹാളിൽ സബ്കളക്ടറുടെ അദ്ധ്യക്ഷതയിൽ ബന്ധുക്കളും തൊഴിലാളി, മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളിൽ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി. 12ന് സബ്കളക്ടറുടെ മദ്ധ്യസ്ഥതയിൽ വീണ്ടും ചർച്ച നടത്തും. മെ‌ഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് വിട്ടു നൽകും. ആറ്റിങ്ങലിലെ ഭാര്യാവസതിയിലാകും സംസ്‌കാരം. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.