തിരുവനന്തപുരം: ഏവരും കാത്തിരിക്കുന്ന കൊവിഡ് വാക്‌സിൻ എത്തിയാൽ കുത്തിവയ്പിന് കേരളവും സജ്ജം.
വാക്‌സിനേഷൻ മുന്നൊരുക്കമായ ഡ്രൈ റൺ (മോക് ഡ്രിൽ) ഇന്നലെ വിജയകരമായി പൂർത്തിയാക്കി. നാല് ജില്ലകളിലെ ആറ് ആശുപത്രികളിലായി 150 ആരോഗ്യ പ്രവർത്തകരാണ് പങ്കാളികളായത്.
വാക്‌സിനെടുക്കാൻ ആശുപത്രിയിലെത്തൽ, രജിസ്ട്രേഷൻ മുതൽ ഒബ്സർവേഷൻ വരെ എല്ലാ നടപടികളും ഡ്രൈ റണ്ണിന്റെ ഭാഗമായി നടന്നു. കൈയുടെ ഏത് ഭാഗത്ത് എങ്ങനെ കുത്തിവയ്ക്കണമെന്ന് ഡോക്ടർമാർ വിശദീകരിച്ചു.
തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃകാശുപത്രി, പൂഴനാട് പ്രാഥമികാരോഗ്യകേന്ദ്രം, കിംസ് ആശുപത്രി, ഇടുക്കിയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യകേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 11 വരെയായിരുന്നു ഡ്രൈ റൺ. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതം പങ്കെടുത്തു.
തിരുവനന്തപുരം പേരൂർക്കട ആശുപത്രിയിൽ നടന്ന പരീക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി കെ.കെ.ശൈലജ എത്തി. മറ്റുജില്ലകളിൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മേൽനോട്ടം വഹിച്ചു.
അരമണിക്കൂർ വിശ്രമം, കുടിക്കാൻ ഫ്രൂട്ടി
വാക്‌സിൻ എടുക്കാനെത്തുന്നവർക്ക് ആദ്യം സാനിറ്റൈസർ നൽകും. തുടർന്ന് രജിസ്ട്രേഷൻ പരിശോധിച്ച് കാത്തിരിപ്പ് മുറിയിലിരുത്തും. മുൻഗണനാ ക്രമം അനുസരിച്ച് വാക്‌സിനേഷൻ മുറിയിൽ പ്രവേശിപ്പിക്കും. കുത്തിവയ്പ് എടുത്ത ശേഷം സമീപത്തെ വിശ്രകേന്ദ്രത്തിലിരുത്തും. അരമണിക്കൂറാണ് വിശ്രമം. കുടിക്കാൻ ഫ്രൂട്ടിയോ ചായയോ നൽകും.
14 ലക്ഷം സിറിഞ്ചെത്തി
കൊവിഡ് വാക്സിനേഷനുള്ള 14 ലക്ഷം ഓട്ടോ ഡിസേബിൾ ഡിസ്‌പോസബിൾ സിറിഞ്ചുകൾ തലസ്ഥാനത്തെ റീജിയണൽ വാക്സിൻ സ്റ്റോറിൽ ചെന്നൈയിൽ നിന്ന് എത്തിച്ചു. നേരത്തെ ലാർജ് ഐസ് ലൈൻഡ് റഫ്രിജറേറ്റർ 20, വാക്സിൻ കാരിയർ 1800 കോൾഡ്‌ബോക്സ് വലുത് 50, കോൾഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000 എന്നിവ കേന്ദ്രം നേരത്തേ ലഭ്യമാക്കിയിരുന്നു. സംസ്ഥാനം സ്വന്തമായും സംവിധാനങ്ങൾ സജ്ജമാക്കുന്നുണ്ട്.