
കൊച്ചി: ജനാധിപത്യം എന്നത് നമ്മുടെ ദേശത്തിന്റെ ആത്മാവിന് ഭരണഘടനാ ശില്പികൾ നൽകിയ പേരാണെന്നും രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ പൗരനിലും നിക്ഷിപ്തമാണെന്നും പ്രൊഫ. എം കെ സാനു പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മര്യാദകളും നിസങ്കോചം തിരസ്‌കരിച്ചുകൊണ്ട് കർഷക വിരുദ്ധമായ നിയമ നിർമ്മാണം നടത്തുകവഴി കോർപ്പറേറ്റുകൾക്കു മുന്നിൽ ഒരു ജനതയെ ഭിക്ഷാപാത്രവുമായി നിറുത്തുവാനുള്ള ഏകപക്ഷീയവും ധിക്കാരപരവുമായ നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഹ്യൂമൺ റൈറ്റ്സ് വാച്ചിന്റെ നേതൃത്വത്തിൽ വിവിധ മനുഷ്യാവകാശസാമൂഹിക പ്രസ്ഥാനങ്ങൾ പുതുവത്സരദിനത്തിൽ നടത്തിയ കർഷക റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു എം.കെ സാനു. കച്ചേരിപ്പടി ഗാന്ധി സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച റാലി ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.ആർ.ഡബ്ല്യു കൺവീനർ ഫെലിക്‌സ് ജെ.പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എം.എൽ.എ അഭിവാദ്യമർപ്പിച്ചു. ട്രാക്ടർ, കലപ്പയേന്തിയ കർഷകൻ, വിവിധ കാർഷികോപകരണങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ നടത്തിയ റാലി മേനക ജംഗ്ഷൻ ചുറ്റിതിരിഞ്ഞ് മറൈൻഡ്രെെവിൽ ഹെലിപാഡിനു സമീപം സമാപിച്ചു. സമാപന സമ്മേളനത്തിൽ കൊച്ചി മേയർ അഡ്വ. അനിൽ കുമാർ മുതിർന്ന കർഷകനെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രൊഫ. കെ അരവിന്ദാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ കിസാൻ മഹാസംഘ് ദേശീയ കോഡിനേറ്റർ കെ.വി ബിജു ഡൽഹിയിലെ കർഷക സമരത്തെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. കർഷക പ്രക്ഷോഭത്തിന് കേരളത്തിന്റെ ഐക്യദാർഢ്യം അർപ്പിച്ചും 2021കർഷക വർഷമായി പ്രഖ്യാപിച്ചും വിവിധ സംഘടന നേതാക്കൾ തീപ്പന്തം തെളിയിച്ച് പ്രതിജ്ഞയെടുത്തു.