കിളിമാനൂർ: പോയവർഷം കൊവിഡ് കാരണം അദ്ധ്യയനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് പുതുവർഷം എത്തിയതോടെ പുതിയ അദ്ധ്യയന രീതി തീർത്തും വ്യത്യസ്തമായിരുന്നു. ഒന്നിച്ചിരുന്ന് പഠിച്ച പ്രിയ സുഹൃത്തുക്കൾക്കൊപ്പം 'സാമൂഹിക അകലം' പാലിച്ചും സ്നേഹം പങ്കുവച്ചും പ്രിയ അദ്ധ്യാപകരോടൊപ്പം പഠിച്ചും ജീവിതത്തിൽ വ്യത്യസ്തമായ അനുഭവം കിട്ടിയ പ്രതീതിയാണ്. പത്ത് മാസത്തോളം അടഞ്ഞുകിടന്ന ക്ലാസ് മുറികളും കാട് മൂടിയ സ്കൂൾ മുറ്റവും വർത്തിയാക്കി ക്ലാസ് തുടങ്ങിയപ്പോൾ പല സ്കൂളുകളിലും ഒരു പ്രവേശനോത്സവത്തിന്റെ പ്രതീതിയാണ് ഉണ്ടായതെന്ന് കുട്ടികൾ പറയുന്നു.
ആദ്യഘട്ടത്തിൽ പരമാവധി 50ശതമാനം കുട്ടികളെ മാത്രമേ ക്ലാസിൽ ഇരുത്തൂ. പ്രത്യേക ലിസ്റ്റ് തയ്യാറാക്കിയായിരുന്നു കുട്ടികളെ ക്ഷണിച്ചത്. ആദ്യ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിലാകും ക്രമീകരണം. സംശയ നിവാരണത്തിനും ഡിജിറ്റൽ ക്ലാസുകളുടെ തുടർ പ്രവർത്തനത്തിനും മാതൃകാ പരീക്ഷകൾക്കുമായി രക്ഷാകർത്താക്കളുടെ സമ്മതത്തോടെയാണ് കുട്ടികൾ സ്കൂളിലേക്ക് വീണ്ടുമെത്തിയത്. എന്തെങ്കിലും കാരണത്താൽ ക്ലാസിൽ എത്തിച്ചേരാൻ സാധിക്കാത്ത വർക്ക് ഗൂഗിൾ മീറ്റ്, ഗൂഗിൾ ക്ലാസ് റൂം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസുകൾ നൽകും.
* *ക്ലാസ് 3 മണിക്കൂർ :- ഷിഫ്റ്റ് അടിസ്ഥാനത്തിൽ രണ്ട് ഘട്ടമായാണ് ക്ലാസ് എടുക്കുക. ആദ്യഘട്ടം രാവിലെ 9 അല്ലെങ്കിൽ പത്തിന് ആരംഭിച്ച് ഉച്ചയ്ക്ക് 12 ന് അവസാനിക്കും. രണ്ടാം ഘട്ടം ഒന്നല്ലെങ്കിൽ രണ്ടിന് ആരംഭിച്ച് വൈകിട്ട് നാലിനോ അഞ്ചിനോ അവസാനിക്കും. ആകെയുള്ള കുട്ടികൾ, ലഭ്യമായ ക്ലാസ്‌മുറികൾ എന്നിവ കണക്കിലെടുത്താകും കുട്ടികളുടെ എണ്ണം നിജപ്പെടുത്തുക.
* രക്ഷാകർത്താവ് സമ്മതിക്കണം:-ഒപ്പിട്ട സമ്മതപത്രം ഹാജരാക്കുന്നവർക്ക് മാത്രമേ സ്കൂളിൽ പ്രവേശനം നൽകൂ. ഓരോ കുട്ടിയും ഹാജരാകേണ്ട സാക്ഷിപത്രത്തിന്റെ പകർപ്പ് അതാത് സ്കൂളുകളിൽ നിന്ന് വിതരണം ചെയ്തു.
* കൊവിഡ് സെൽ :- എല്ലാ സ്കൂളുകളിലും കൊവിഡ് സെൽ രൂപീകരിച്ച് ആഴ്ചയിലൊരിക്കൽ യോഗം നടത്തും. കോടതി നിർദ്ദേശങ്ങൾ പാലിക്കുന്നതിനായി സ്കൂൾതലത്തിൽ പ്ലാൻ തയ്യാറാക്കുക, കുട്ടികളുടെ എണ്ണം, അദ്ധ്യപകരുടെ ലഭ്യത, സ്ഥലലഭ്യത, ഗതാഗതസൗകര്യങ്ങൾ, ഡൈനിംഗ് സൗകര്യം, സുരക്ഷ തുടങ്ങിയവ വിലയിരുത്തേണ്ട ചുമതല കൊവിഡ് സെല്ലിലാണ്.
* *ഫിറ്റ്നസ് പിന്നീട് :- അദ്ധ്യയനം ആരംഭിക്കാൻ വൈകിയതോടെ ഈ വർഷത്തെ സ്കൂൾ കെട്ടിട ഫിറ്റ്നസ് പരിശോധനയും വൈകി. ഏതാനും സ്കൂളുകളിൽ മാത്രമാണ് പരിശോധനകൾ പൂർത്തിയായത്. മറ്റിടങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന പൂർത്തീകരിക്കുമെന്ന് അധികൃതർ പറയുന്നു.