തിരുവനന്തപുരം: കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനി തൊഴിലാളി പ്രബുലകുമാറിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഹേശ്വരി. ' അദ്ദേഹം ആത്മഹത്യ ചെയ്യില്ല, ജോലി നഷ്ടപ്പെട്ടതിൽ വിഷമത്തിലായിരുന്നെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ട കാര്യം അദ്ദേഹത്തിനില്ല '. മാധവപുരത്തെ വസതിയിൽ കരഞ്ഞുകലങ്ങിയ കണ്ണുമായി മഹേശ്വരി പറഞ്ഞു. മരണത്തിൽ കൃത്യമായ അന്വേഷണം വേണം,​ സത്യം പുറത്തുവരണമെന്നും അവർ ആവശ്യപ്പെട്ടു. ' വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെ തന്റെ കൈയിൽ നിന്ന് ചായ വാങ്ങി കുടിച്ചിട്ട് പോയ മകൻ ഇനിയും വന്നില്ല... അമ്മ പെണ്ണമ്മ കരച്ചിലടക്കാനാകാതെ പറഞ്ഞു. എന്നും സമരപ്പന്തലിൽ നിന്ന് വൈകിട്ട് വീട്ടിലെത്തും. ചായകുടിച്ച ശേഷം വീണ്ടും പുറത്തുപോകുമെങ്കിലും അരമണിക്കൂറിനുള്ളിൽ തിരികെയെത്തും,​ അതായിരുന്നു അവന്റെ പ്രകൃതം. തന്റെ മകന് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും പെണ്ണമ്മ പറഞ്ഞു. ' അവൻ ആരോടും അങ്ങനെ സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു. എന്തെങ്കിലും ചോദിച്ചാൽ മാത്രം മറുപടി പറയുന്നൊരാൾ. ദുശ്ശീലങ്ങളൊന്നുമില്ല. നല്ലപോലെ പണിയെടുക്കും. ആരോടും പിണങ്ങില്ല, ശബ്ദം ഉയർത്തിപ്പോലും സംസാരിക്കാറില്ല. അവൻ ആത്മഹത്യ ചെയ്‌തെന്ന് വിശ്വാസിക്കാൻ കഴിയുന്നില്ല. - സഹപ്രവർത്തകനായിരുന്ന സുഭാഷ് പറഞ്ഞു. ഞങ്ങളെപ്പോലെ തന്നെ വർഷങ്ങളോളം ഉപജീവനമായിരുന്ന തൊഴിൽ നഷ്ടപ്പെട്ടതിന്റെ വേദന അവനെയും അലട്ടിയിരുന്നു. എങ്കിലും ഇൗ കടുംകൈയ്ക്ക് അവൻ മുതിരുമെന്ന് വിശ്വാസിക്കാനാകുന്നില്ല. നല്ല പോലെ വായിക്കുന്ന ഒരാളായിരുന്നു,​ എല്ലാ കാര്യത്തിനെക്കുറിച്ചും നല്ല അറിവുണ്ട്. ഇനി കമ്പനിയെ വിശ്വസിച്ചിട്ട് കാര്യമൊന്നുമില്ലെന്ന് അവന് തോന്നിക്കാണും. അതായിരിക്കാം,​ ജീവിതം ഇങ്ങനെ അവസാനിപ്പിച്ചത് - സുഭാഷ് പറഞ്ഞു.

പോയത് സഹോദരന്റെ

കുടുംബത്തിന്റെ കൂടി അത്താണി

സഹോദരനായ ഓട്ടോഡ്രൈവർ‌ പ്രശോഭിനും കുടുംബത്തിനും ആശ്രയമായിരുന്നു പ്രബുലകുമാർ. പ്രശോഭിന്റെ മകൻ കാൻസർ ബാധിതനായി ആർ.സി.സിയിൽ ചികിത്സയിലാണ്. അവന്റെ ചികിത്സാച്ചെലവുകൾ മിക്കപ്പോഴും വഹിച്ചിരുന്നതും പ്രബുലകുമാറായിരുന്നു. ജോലി നഷ്ടമായെങ്കിലും കടംവാങ്ങിയും അല്ലാതെയും അദ്ദേഹം ചികിത്സ മുടക്കാതെ മുന്നോട്ട് കൊണ്ടുപോയിരുന്നു. ഇന്ന് അവന് മജ്ജമാറ്റിവയ്‌ക്കൽ ഓപ്പറേഷനാണ്. ചെറിയച്ഛന്റെ മരണവാർത്തയറിഞ്ഞ് അവന് വീണ്ടും അസുഖം കൂടിയെന്നും ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നെന്നും ബന്ധുക്കൾ പറഞ്ഞു.