തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടൻ ലഭിക്കും. തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വാക്സിൻ വിതരണ ഡ്രൈ റണ്ണിന്റെ പ്രവർത്തനം വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊവി ഷീൽഡ് വാക്സിൻ താരതമ്യേന സുരക്ഷിതമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. അതിനാൽ വാക്സിൻ എടുക്കുന്നതിന് ആശങ്കവേണ്ട. കേന്ദ്രസർക്കാരിന്റെ മാർഗ നിർദ്ദേശമനുസരിച്ച് തയ്യാറാക്കിയ മുൻഗണനാ പട്ടികയനുസരിച്ചാണ് വാക്സിൻ ലഭ്യമാക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് ശേഷം വയോജനങ്ങളാണ് മുൻഗണന ലിസ്റ്റിലുള്ളത്. അവർക്ക് കൊടുക്കണമെങ്കിൽ 50 ലക്ഷത്തോളം വാക്സിൻ വേണ്ടിവരും. കേരളത്തിന്റെ ആവശ്യത്തിനനുസരിച്ച് വാക്സിൻ കേന്ദ്രം നൽകുമെന്നാണ് പ്രതീക്ഷ.
വാക്സിൻ സംഭരണം, വിതരണം എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ആദ്യഘട്ടത്തിൽ 3.13 ലക്ഷംപേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.