കടയ്ക്കാവൂർ: അഞ്ചുതെങ്ങ് - കടയ്ക്കാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ചുതെങ്ങ് കായലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന തോണിക്കടവ് തൂക്കുപാലം സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. ഏത് സമയവും യാത്രക്കാരോട് കൂടി പാലം നിലം പൊത്തുമെന്ന അവസ്ഥയിലാണ്.
2010 ൽ ചാലിയാർ പുഴയിലുണ്ടായ അപകടത്തെ തുടർന്ന് പല കടവുകളിലും കടത്തുവള്ളങ്ങൾ ഒഴിവാക്കി തൂക്കുപാലങ്ങൾ പണിയാൻ അന്നത്തെ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചു. അന്ന് ആറ്റിങ്ങൽ എം.എൽ.എയായിരുന്ന ആനത്തലവട്ടം ആനന്ദന്റെ ശ്രമഫലമായിട്ടാണ് സർക്കാർ തൂക്ക് പാലം പണിയാൻ 55 ലക്ഷം രൂപ അനുവദിച്ചത്.
2011ൽ പാലം പണി പൂർത്തിയാക്കി യാത്രക്കാർക്ക് ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇതിനിടയിൽ രണ്ടു പ്രാവശ്യമേ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ളൂ.
നൂറു കണക്കിന് രോഗികളും വിദ്യാർത്ഥികളും ഉൾപ്പെട്ട യാത്രക്കാർ നിത്യേന യാത്ര ചെയ്യുന്ന തോണിക്കടവ് തൂക്കുപാലത്തിന്റെ അറ്റകുറ്റപണി ചെയ്ത് പാലം സഞ്ചാരയോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.