ഒറ്റ കണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. പിന്നീട് ബോളിവുഡിലേക്കായിരുന്നു പോക്ക്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി. ഇതിനിടെ സ്നേഹവും വിമർശനവുമെല്ലാം പ്രിയയെ തേടിയെത്തി. ഇപ്പോൾ പുതിയ വർഷത്തിൽ തന്റെ പ്രതിജ്ഞ എന്താണെന്ന് പ്രിയ ആരോധകരോട് പറയുകയാണ്. ഇത് എല്ലാവരും മനസിൽ വയ്ക്കണമെന്നും പ്രിയ ഓർമിപ്പിക്കുന്നു.
“ഈ വർഷം, ആരെയും പിന്തുടരരുത്. പോകരുതെന്ന് ആരോടും യാചിക്കരുത്. നിങ്ങളുടെ മൂല്യം തിരിച്ചറിയുക. പ്രിയപ്പെട്ടവർക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക. മാറ്റാൻ കഴിയാത്ത കാര്യങ്ങളെ അംഗീകരിക്കാൻ പഠിക്കുക. നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക. സ്വയം സ്നേഹിക്കുക,” ഇതാണ് പ്രിയയ്ക്ക് എല്ലാവരോടും പറയാനുള്ളത്. പ്രിയ അണിഞ്ഞ ലെഹംഗയിൽ കഴുത്തിന് ഇറക്കം കൂടി എന്നു പറഞ്ഞ് പലരും താരത്തെ വിമർശിക്കുകയും ട്രോളുകയും ചെയ്തു. പക്ഷെ ഈ ട്രോളുകൾ കണ്ടില്ലെന്ന് നടിക്കാൻ താരം കൂട്ടാക്കിയില്ല. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് പ്രിയ നൽകിയത്.“എന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലിൽ ഒന്നുപോലും വായിച്ച് തീർക്കാൻ എനിക്ക് സാധിച്ചിട്ടില്ല. തുടക്കത്തിൽ ചില കമന്റുകൾ വായിച്ചു. എല്ലാവരും ആ കമന്റുകൾ കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് അതിവിടെ പങ്കുവയ്ക്കാൻ ഞാൻ തീരുമാനിച്ചു. ഒരുപക്ഷെ ആ കമന്റ് ചെയ്തവർക്ക് നമ്മളെല്ലാവരും കൈയടിക്കേണ്ടതുണ്ട്. അതുകൊണ്ടല്ലേ ഇത്തരം ചെറിയ വിലകുറഞ്ഞ കാര്യങ്ങൾ അവർ പോസ്റ്റ് ചെയ്യുന്നത്. ഒരുതരം അംഗീകാരത്തിനോ അഭിനന്ദനത്തിനോ വേണ്ടി. നമുക്ക് അതവർക്ക് നൽകാം. എന്തായാലും എല്ലാവരോടും കരുണയോടെ പെരുമാറാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇവിടെയിപ്പോൾ വലിയൊരാളാകാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് എനിക്ക് പുതിയതൊന്നുമല്ല. ഞാൻ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഈ ഭീഷണികൾ നിലനിൽക്കുമ്പോഴും ഇത്രയും ദൂരം എത്തിയതിൽ എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്. എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം. ഇപ്പോൾ ഇത്രമാത്രം. എന്റെ ശൈലിയിൽ ശ്രദ്ധ ചെലുത്തിയതിന് നന്ദി. ItsADressNotAYes #RefuseTheAbuse,” എന്നായിരുന്നു പ്രിയ കുറിച്ചത്.