chennithala

തിരുവനന്തപുരം: പി.എസ്.സിയെ നോക്കുകുത്തിയാക്കി താത്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം തൊഴിൽ രഹിതരായ ലക്ഷക്കണക്കിന് യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിയ മുൻതൂക്കം കിട്ടിയതോടെ എന്തുമാവാമെന്ന മട്ടിലാണ് സർക്കാർ. പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിൽ പോലും താത്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുകയാണ്. സർവകലാശാലകളിൽ മൂവായിരത്തോളം പേരെ സ്ഥിരപ്പെടുത്താൻ പോവുകയാണെന്നാണ് വിവരം.
കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി റാങ്കിലിസ്റ്റുകളിൽ കയറിപ്പറ്റുന്നവരെ വിഢികളാക്കുന്ന നടപടിയാണ് സർക്കാരിന്റേത്. നൂറിലേറെ പി.എസ്.സി റാങ്ക് ലിസ്റ്റുകളാണ് നിയമനം നടത്താതെ സർക്കാർ റദ്ദാക്കിയത്. റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത കാരക്കോണം സ്വദേശി അനു എന്ന യുവാവ് സർക്കാരിന്റെ ക്രൂരതയുടെ ഇരയാണ്. എന്നിട്ടും റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാതിരിക്കുകയും വേണ്ടപ്പെട്ട താത്കാലിക്കാരെ നിയമിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.