നെടുമങ്ങാട് :ചെങ്കോട്ട അന്തർസംസ്ഥാന പാതയിലെ പത്താംകല്ല് ടൂറിസം മോർട്ടലിനു പുതുവർഷത്തിൽ പുതുജീവൻ. അരുവിക്കരയും പൊൻമുടിയിലും കല്ലാറും മങ്കയവും മീന്മുട്ടിയും ഉൾപ്പെടുന്ന ടൂറിസം ഹബിനാണ് നെടുമങ്ങാട് വേദിയാവുന്നത്.സഞ്ചാരികളുടെ വിശ്രമത്തിനും വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുന്നതിനുമുള്ള ഇടത്താവളമാവും. ഇറിഗേഷൻ-ടൂറിസം വകുപ്പുകൾ തമ്മിലിടഞ്ഞ് ഏറെക്കാലമായി കടലാസിലൊതുങ്ങിയ പദ്ധതിയാണ് ഒടുവിൽ യാഥാർത്ഥ്യമാവുന്നത്.
30 കോടിയിലധികം രൂപ ചെലവിട്ട് കുട്ടികളുടെ പാർക്ക്,റസ്റ്റോറന്റ്,ഗസ്റ്റ് ബെഡ് റൂം,സ്റ്റെയർകെയ്സ്,ടോയ്‌ലറ്റ് എന്നിവ ഫസ്റ്റ് ഫ്ലോറിലും കിച്ചൻ,യൂട്ടിലിറ്റി ആൻഡ് പാൻട്രി,ഡോർമെറ്ററി,ടോയ്ലറ്റ്, സ്റ്റെയർകെയ്സ്,സ്റ്റോർ എന്നിവ ഗ്രൗണ്ട് ഫ്ലോറിലും നിർമ്മിക്കാനാണ് തീരുമാനം. ആദ്യഘട്ട നിർമ്മാണത്തിനായി പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയെ നിയമിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഒന്നാംഘട്ടത്തിൽ 9 കോടി 61 ലക്ഷം രൂപയും അനുവദിച്ചു. നഗരസഭ പരിധിയിലെ പത്താം കല്ലിൽ ജലസേചന വകുപ്പിന്റെ കൈവശമുള്ള 1.53 ഏക്കർ ഭൂമി വിനോദസഞ്ചാര വകുപ്പിന് കൈമാറിയാണ് മോട്ടൽ ആരാമിന്റെ നിർമ്മാണം തുടങ്ങുന്നത്. സ്ഥലത്തിന്റെ ഉടമാവകാശം ഇറിഗേഷൻ വകുപ്പിൽ നിലനിറുത്തി,ടൂറിസം പദ്ധതിയുടെ ലാഭവിഹിതം വിനോദ സഞ്ചാര വകുപ്പിന് കൂടി ലഭ്യമാവുന്ന തരത്തിലാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.