photo

നെടുമങ്ങാട് :ചെങ്കോട്ട അന്തർസംസ്ഥാന പാതയിലെ പത്താംകല്ല് ടൂറിസം മോർട്ടലിനു പുതുവർഷത്തിൽ പുതുജീവൻ. അരുവിക്കരയും പൊൻമുടിയിലും കല്ലാറും മങ്കയവും മീന്മുട്ടിയും ഉൾപ്പെടുന്ന ടൂറിസം ഹബിനാണ് നെടുമങ്ങാട് വേദിയാവുന്നത്.സഞ്ചാരികളുടെ വിശ്രമത്തിനും വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുന്നതിനുമുള്ള ഇടത്താവളമാവും. ഇറിഗേഷൻ-ടൂറിസം വകുപ്പുകൾ തമ്മിലിടഞ്ഞ് ഏറെക്കാലമായി കടലാസിലൊതുങ്ങിയ പദ്ധതിയാണ് ഒടുവിൽ യാഥാർത്ഥ്യമാവുന്നത്.

30 കോടിയിലധികം രൂപ ചെലവിട്ട് കുട്ടികളുടെ പാർക്ക്,റസ്റ്റോറന്റ്,ഗസ്റ്റ് ബെഡ് റൂം,സ്റ്റെയർകെയ്സ്,ടോയ്‌ലറ്റ് എന്നിവ ഫസ്റ്റ് ഫ്ലോറിലും കിച്ചൻ,യൂട്ടിലിറ്റി ആൻഡ് പാൻട്രി,ഡോർമെറ്ററി,ടോയ്ലറ്റ്, സ്റ്റെയർകെയ്സ്,സ്റ്റോർ എന്നിവ ഗ്രൗണ്ട് ഫ്ലോറിലും നിർമ്മിക്കാനാണ് തീരുമാനം. ആദ്യഘട്ട നിർമ്മാണത്തിനായി പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയെ നിയമിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഒന്നാംഘട്ടത്തിൽ 9 കോടി 61 ലക്ഷം രൂപയും അനുവദിച്ചു. നഗരസഭ പരിധിയിലെ പത്താം കല്ലിൽ ജലസേചന വകുപ്പിന്റെ കൈവശമുള്ള 1.53 ഏക്കർ ഭൂമി വിനോദസഞ്ചാര വകുപ്പിന് കൈമാറിയാണ് മോട്ടൽ ആരാമിന്റെ നിർമ്മാണം തുടങ്ങുന്നത്. സ്ഥലത്തിന്റെ ഉടമാവകാശം ഇറിഗേഷൻ വകുപ്പിൽ നിലനിറുത്തി,ടൂറിസം പദ്ധതിയുടെ ലാഭവിഹിതം വിനോദ സഞ്ചാര വകുപ്പിന് കൂടി ലഭ്യമാവുന്ന തരത്തിലാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.

പദ്ധതിക്ക് വേണ്ടി ചെലവഴിക്കുന്നത് - 30 കോടിലധികം രൂപ

 ഒന്നാംഘട്ടത്തിൽ 9 കോടി 61 ലക്ഷം രൂപ

 ഫസ്റ്റ് ഫ്ലോറിൽ കുട്ടികളുടെ പാർക്ക്, റസ്റ്റോറന്റ്, ഗസ്റ്റ് ബെഡ് റൂം, സ്റ്റെയർകെയ്സ്, ടോയ്‌‌ലെറ്റ്

 ഗ്രൗണ്ട് ഫ്ലോറിൽ

കിച്ചൻ, യൂട്ടിലിറ്റി ആൻഡ് പാൻട്രി, ഡോർമെറ്ററി, ടോയ്‌ലെറ്റ്, സ്റ്റെയർകെയ്സ്, സ്റ്റോർ

എം.എൽ.എയുടെ ഇടപെടൽ

ഇരുവകുപ്പുകളുടെയും ഏറ്റുമുട്ടലിൽ പാഴാവുമായിരുന്ന പദ്ധതി സി.ദിവാകരൻ എം.എൽ.എയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് പൂവണിയുന്നത്.ലാഭ വിഹിതം എങ്ങനെ വീതിക്കണമെന്നത് സംബന്ധിച്ച് പദ്ധതി വിഭാഗം ചീഫ് എൻജിനിയർ സമർപ്പിച്ച പ്രൊപ്പോസലിൽ അവ്യക്തത നിലനിന്നതാണ് ആദ്യഘട്ടത്തിൽ നടപടികൾ അവതാളത്തിലാവാൻ ഇടയാക്കിയത്.

കാത്തിരുന്നത് രണ്ടു വർഷം

വാമനപുരം ഇറിഗേഷൻ പ്രോജക്ടിന്റെ (വി.ഐ.പി) ഓഫീസ് നിർവഹണത്തിനായി നഗരസഭയിലെ പത്താംകല്ലിൽ 1994 -ൽ നിർമ്മിച്ച കെട്ടിട സമുച്ചയവും സമീപത്തെ ഭൂമിയും ടൂറിസം വകുപ്പിന് കൈമാറാനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുന്നത് സംബന്ധിച്ച് 2019 നവംബർ 17 ന് ടൂറിസം മോർട്ടൽ കടലാസിലൊതുങ്ങി എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ദീർഘകാലമായി ഉപയോഗ ശൂന്യമായി കിടക്കുന്ന 1.53 ഏക്കർ സ്ഥലവും മന്ദിരവും ടൂറിസം വകുപ്പിന് വിട്ടു നൽകാൻ 2018 ഡിസം.6 ന് ടൂറിസം,ജലവിഭവ വകുപ്പ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനമാണ് ഇഴഞ്ഞു നീങ്ങിയത്.വാമനപുരം ഇറിഗേഷൻ പ്രോജക്ട് ഉപേക്ഷിച്ച പദ്ധതിയായിട്ടും കെട്ടിടവും ഭൂമിയും വിട്ടുകൊടുക്കാൻ തയ്യാറാവാത്തത് പ്രതിഷേധമുയർത്തിയിരുന്നു.1994 ജൂലൈ 8നു തറക്കല്ലിട്ട് 1996 ഫെബ്രുവരി 1 ന് ഉദ്ഘാടനം നടത്തിയ മന്ദിരമാണ് പത്താംകല്ലിലേത്.ഓഫീസ് കോംപ്ലസ് കൂടാതെ ജീവനക്കാർക്കുള്ള ക്വർട്ടേഴ്‌സും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്. എക്സിക്യുട്ടീവ് എൻജിനീയർ,അസി.എക്സിക്യുട്ടീവ് എൻജിനീയർ,സ്‌പെഷ്യൽ തഹസീൽദാർ എന്നിങ്ങനെ മുഴുവൻ ഉദ്യോഗസ്ഥർക്കുമുള്ള ഓഫീസായിരുന്നു ഇത്. മന്ദിരത്തിന്റെ വാതിലുകളും ജനാലയും നശിപ്പിച്ച നിലയിലാണ്.

ടൂറിസം മോട്ടൽ ആരാം നെടുമങ്ങാടിന്റെ മുഖച്ഛായ മാറ്റും. മോട്ടൽ ആരാംമിന്റെ നിർമാണപ്രവർത്തികൾ എത്രയും വേഗത്തിൽ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും.

സി. ദിവാകരൻ എം.എൽ.എ