
വിതുര: കല്ലാർ മേഖലയിൽ മാലിന്യനിക്ഷേപം രൂക്ഷമാകുന്നത് സഞ്ചാരികളെ വലയ്ക്കുന്നു. മാലിന്യനീക്കം യഥാസമയം നടത്താൻ അധികൃതർ തയ്യാറാകാത്തതിനാൽ പ്രദേശമാകെ ദുർഗന്ധം വമിക്കുകയാണ്. പൊന്മുടി- കല്ലാർ റൂട്ടിൽ മിക്ക ഭാഗത്തും മാലിന്യം വലിച്ചെറിയുന്നത് പതിവ് കാഴ്ചയാണ്. ഇതുകാരണം വിനോദ സഞ്ചാരികൾ മൂക്കുപൊത്തിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. കഴിഞ്ഞ ഒമ്പത് മാസമായി അടഞ്ഞുകിടന്ന പൊന്മുടി സഞ്ചാരികൾക്കായി തുറന്നുകൊടുത്തതോടെ മാലിന്യ നിക്ഷേപത്തിന്റെ വ്യാപ്‌തിയും കൂടി. പൊന്മുടിയിലും കല്ലാറിലും എത്തുന്ന സഞ്ചാരികൾ ഭക്ഷണം പാചകം ചെയ്‌തു കഴിച്ച ശേഷം മാലിന്യം പാതയോരങ്ങളിൽ വലിച്ചെറിയുകയാണ്. താത്കാലിക കടകളിൽ നിന്നുള്ള മാലിന്യവും റോഡരികിൽ തന്നെയാണ് നിക്ഷേപിക്കുന്നത്. മാലിന്യം കല്ലാർ നദിയിൽ നിക്ഷേപിക്കുന്നതിനാൽ ഇവിടുത്തെ ജലവും മലിനമായി. പൊന്മുടി വിതുര റൂട്ടിൽ ചേന്നൻപാറ, പേരയത്തുപാറ മേഖലകളിലാണ് മാലിന്യ നിക്ഷേപം ഏറെ രൂക്ഷം. ഇറച്ചിക്കടകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് രാത്രികാലങ്ങളിൽ റോഡരികിൽ കൊണ്ടിടുന്നതും മറ്റൊരു പ്രശ്‌നമാണ്.