kal

തിരുവനന്തപുരം: ഈ മാസം എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നിയമനിർമ്മാണത്തിന് നീക്കിവച്ചത് അവസാനത്തെ രണ്ട് ദിവസം മാത്രമായതിനാൽ ഏതൊക്കെ ബില്ലുകൾ പരിഗണനയ്ക്ക് വരുമെന്നതിൽ അനിശ്ചിതത്വം. കേന്ദ്ര കാർഷിക നിയമഭേദഗതികൾക്കെതിരെ ബദൽ നിയമനിർമ്മാണത്തിന് ചർച്ചകൾ കൃഷി വകുപ്പിൽ പുരോഗമിക്കുകയാണെങ്കിലും ഈ ബിൽ സഭ കാണുമെന്ന് ഉറപ്പില്ല.

തർക്കപ്പള്ളികളിൽ യാക്കോബായ വിശ്വാസികൾക്ക് സെമിത്തേരി അനുവദിക്കുന്ന ബില്ലും പരിഗണിക്കാനുണ്ട്. ഇതടക്കം 32 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ പാസാക്കാനുണ്ട്. ഈ രണ്ട് ദിവസങ്ങളിൽ ഒന്നോ രണ്ടോ ബില്ലുകൾ പരിഗണിക്കാനേ കഴിയൂ.

പതിനാലാം നിയമസഭയുടെ അവസാനത്തെ സമ്മേളനമായതിനാൽ ഇനി ഈ സർക്കാരിന്റെ കാലത്ത് ബില്ലുകൾ പരിഗണിക്കാൻ അവസരം കിട്ടില്ല.

പ്രധാനമായും ധനകാര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് 14 ദിവസത്തെ സമ്മേളനത്തിലുള്ളത്. 8ന് നയപ്രഖ്യാപനം, 11ന് ചരമോപചാരം, 12 മുതൽ14വരെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ച, 15ന് ബഡ്ജറ്റവതരണം, 18 മുതൽ 20 വരെ ബഡ്ജറ്റ് ചർച്ച, 21ന് കഴിഞ്ഞ ബഡ്ജറ്റിലെ അവസാന ഉപധനാഭ്യർത്ഥനകളിലെ ചർച്ച, 22ന് അംഗങ്ങളുടെ സ്വകാര്യ പ്രമേയങ്ങൾ. 25ന് പുതിയ ബഡ്ജറ്റിന്മേൽ അടുത്ത നാലു മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് ചർച്ചയും കഴിഞ്ഞ ബഡ്ജറ്റിന്റെ ഉപധനാഭ്യർത്ഥകളിന്മേലുള്ള ധനവിനിയോഗ ബില്ലും വരും. 27ന് പുതിയ വോട്ട് ഓൺ അക്കൗണ്ടിന്റെ ധനവിനിയോഗ ബില്ലാണ് അജൻഡയിൽ. 27നും 28നും മറ്റു സർക്കാർ കാര്യങ്ങൾ അജൻഡയിലുണ്ട്. ഈ അവസരത്തിലാണ് ഒന്നോ രണ്ടോ ബില്ലുകൾ പരിഗണിക്കുന്നത്.

സഭ ചേരുംമുമ്പേ കോളിളക്കം സൃഷ്ടിച്ച സി.എ.ജി റിപ്പോർട്ട് സമ്മേളനത്തിൽ വരാനിടയുണ്ട്. അത് തീയും പുകയുമുയർത്തുമെന്നുറപ്പ്.