കല്ലമ്പലം: നാവായിക്കുളത്ത് രണ്ട് മക്കളെയും കൊന്നുതള്ളി ജീവനൊടുക്കിയ അച്ഛന്റെ ക്രൂരത കേട്ട് നാട് നടുങ്ങി. അർദ്ധരാത്രിയോടെ നടന്ന കൊലപാതത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് അച്ഛൻ സഫീറിന്റെ (36) മാനസികാസ്വാസ്ഥ്യമാണെന്ന കണ്ടെത്തലിലാണ് പൊലീസ്. രണ്ട് കുട്ടികളെയും മയക്കിക്കിടത്തിയശേഷം അൽത്താഫിന്റെ (11) കൈകാലുകൾ വയറുകൊണ്ട് കെട്ടിയ ശേഷമാണ് കഴുത്തറുത്തത്. തുടർന്ന് ഇളയകുട്ടി അൻഷാദുമായി (9) ഓട്ടോ ഓടിച്ച് നാവായിക്കുളം ശ്രീശങ്കരനാരായണ സ്വാമി ക്ഷേത്ര ആറാട്ടുകുളത്തിന് (വലിയകുളം) സമീപമെത്തി പടിക്കെട്ടിൽ ചെരുപ്പും, വാച്ചും, പഴ്സും ഉപേക്ഷിച്ച് ഇളയകുട്ടിയെ മാറോട് ചേർത്ത് കുളത്തിലേക്ക് ചാടിയതാകാമെന്നും കരുതുന്നു. രാവിലെ വലിയകുളത്തിന് സമീപം ഓട്ടോ കിടക്കുന്നത് മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും ആരും കാര്യമായി എടുത്തിരുന്നില്ല. കുളത്തിന്റെ പരിസരത്ത് ഓട്ടോ നിറുത്തിയിട്ട ശേഷം സഫീറും മക്കളും ഏതെങ്കിലും വീട്ടിലോ മറ്റോ പോയി കാണുമെന്നാണ് അവർ കരുതിയത്. കുളത്തിന്റെ കരയിൽ സഫീറിന്റെ പഴ്സും വാച്ചും മൊബൈലും കണ്ടെത്തിയതോടെയാണ് ആശങ്കയുണ്ടായത്. നാട്ടുകാർ കുളത്തിന് സമീപത്തെത്തി പരിശോധിച്ചപ്പോഴാണ് ഓട്ടോയിൽ നിന്നും ' മൂത്ത മകൻ വീട്ടിലുണ്ടെന്ന ' കുറിപ്പ് കണ്ടെത്തിയത് '. പിന്നാലെ വീട്ടിലെ കട്ടിലിൽ അൽത്താഫിനെ കൈകാലുകൾ കെട്ടിയിട്ട ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ നടുങ്ങി. സ്ഥലത്തെത്തിയ പൊലീസ് വീട് അടച്ചുപൂട്ടി, നാട്ടുകാരെ അകത്തേക്ക് കടത്തിവിട്ടില്ല. പിന്നാലെ വിരലടയാള വിദഗ്ദ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഇതിനിടെയാണ് സഫീറിന്റെ മൃതദേഹം കുളത്തിൽ നിന്ന് കിട്ടിയത്. സംഭവം സോഷ്യൽ മീഡിയയിലും ചാനലുകളിലും വാർത്തയായതിന് പിന്നാലെ സ്ഥലത്തെത്തിയ ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. അപ്പോഴും ഇളയ മകന്റെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതുകണ്ട അൻഷാദ് ഭയന്ന് ഒളിച്ചിരിക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പ്രതീക്ഷകൾ അവസാനിപ്പിച്ച് ഉച്ചയോടെ അൻഷാദിന്റെ മൃതദേഹവും കുളത്തിൽ കണ്ടെത്തുകയായിരുന്നു. പരിസരവാസികളുമായും സഫീറിന് അടുപ്പമുണ്ടായിരുന്നില്ല. മദ്യപാനമോ ബന്ധപ്പെട്ട ദുശീലങ്ങളോ സഫീറിനില്ലായിരുന്നെന്ന് സമീപവാസികളും പറയുന്നു. വി. ജോയി എം.എൽ.എ സ്ഥലം സന്ദർശിച്ചു. ആറ്റിങ്ങൽ അഗ്നിശമനസേന അസി.സ്റ്റേഷൻ ഓഫീസർ മനോഹരപിള്ളയുടെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ ശശികുമാർ, സുരേഷ്, സ്‌കൂബാ ടീമംഗങ്ങളായ ശ്രീരൂപ്, അഷ്റഫ്, അനീഷ്, ദിനേശ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ. ബിനു, രജീഷ്, സജീം, മിഥിൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഷീജ, ഹോം ഗാർഡ് സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കുളത്തിൽ തെരച്ചിൽ നടത്തി മൃതദേഹങ്ങൾ കണ്ടെടുത്തത്. ജില്ലാ പൊലീസ് മേധാവി ബി. അശോക് കുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി. അനിൽകുമാർ, കല്ലമ്പലം സി.ഐ ഐ. ഫറോസ്, എസ്.ഐ ഗംഗാപ്രസാദ്, വിരലടയാള വിദഗ്ദർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം കുളവും, അൽത്താഫ് കൊല്ലപ്പെട്ട വീടും പരിശോധിച്ചു.