photo

നെടുമങ്ങാട്: കരകുളം സമഭാവന റസിഡന്റ്സ് അസോസിയേഷനും നന്ദിയോട് ഗ്രാമാമൃതം കർഷക കൂട്ടായ്മയും ചേർന്ന് കരകുളം പാലം ജംഗ്‌ഷനിൽ ആരംഭിച്ച സൺഡേ മാർക്കറ്റിന് നൂറിന്റെ നിറവ്. 2018 ഡിസംബറിലെ അവസാന ഞായറാഴ്ച തുടക്കം കുറിച്ച പ്രതിവാര ജനകീയ വിപണി ഇന്ന് നൂറ് ജൈവ പച്ചക്കറി ചന്തകൾ പൂർത്തിയാക്കുകയാണ്. അമേരിക്കയിലെ ബഫല്ലോ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പഠന സംഘം ജൈവച്ചന്ത സന്ദർശിച്ച് ഭക്ഷ്യ സുരക്ഷയിൽ സൺഡേ മാർക്കറ്റ് വഹിക്കുന്ന പങ്കിനെക്കുറിച്ച് അധികൃതർക്ക് റിപ്പോർട്ട് സമർപ്പിരുന്നു. ഉപഭോക്താക്കളായ വീട്ടമ്മമാരെയും കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നതാണ് ചന്തയുടെ സവിശേഷത. സൗജന്യമായി പക്കറി വിത്തുകളും വളവും നൽകും. അവർ ഉത്പാദിപ്പിക്കുന്ന അടുക്കളത്തോട്ടം ഉത്പനങ്ങൾ സൺഡേ മാർക്കറ്റിലൂടെ വിറ്റഴിച്ച് ലാഭം വീടുകളിൽ എത്തിക്കും. 2018 ഡിസംബറിൽ സമഭാവന വാർഷിക യോഗത്തിൽ കൃഷി ഓഫീസർ ജയകുമാറാണ് സൺഡേ മാർക്കറ്റ് എന്ന ആശയം മുന്നോട്ട് വച്ചത്. സമഭാവന പ്രസിഡന്റ് ഐ.ജെ. സന്തോഷിന്റെ നേതൃത്വത്തിൽ പ്രദേശത്തെ യുവാക്കൾ ജൈവഉത്പന്ന വിപണന കേന്ദ്രം സംഘടിപ്പിക്കാൻ മുന്നോട്ടു വന്നു. നന്ദിയോട് ഗ്രാമാമൃതം കോ ഓർഡിനേറ്റർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ ആവശ്യാനുസരണം ജൈവ പച്ചക്കറി വിളകൾ എത്തിച്ച് കർഷകരും കൈത്താങ്ങായി.