തിരുവനന്തപുരം: നാടിനെ ഒന്നാകെ ഭീതിയിലാഴ്ത്തിയ കൊവിഡിനെ തുരത്താനെത്തുന്ന വാക്‌സിനെ പ്രതീക്ഷയോടെ സമൂഹം കാത്തിരിക്കുന്നതിനിടെ ഇന്നലെ നടന്ന ഡ്രൈ റണ്ണിനെയും ആകാംക്ഷയോടെയാണ് ജനങ്ങൾ ഉറ്റുനോക്കിയത്.തലസ്ഥാനത്ത് ഡ്രൈ റൺ നടന്ന പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിൽ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി കെ.കെ.ശൈലജ എത്തിയതോടെ ശ്രദ്ധാകേന്ദ്രമായി പേരൂർക്കട മാറി. തലസ്ഥാനത്ത് പേരൂർക്കട ആശുപത്രി കൂടാതെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം,കിംസ് ആശുപത്രി എന്നിവിടങ്ങളിലും ഡ്രൈ റൺ നടന്നു. ദിവസേന നിരവധി പേരെത്തുന്ന പേരൂർക്കട ആശുപത്രിയിൽ ഡ്രൈ റൺ നടക്കുമെന്ന് നേരത്തെ അറിഞ്ഞതോടെ എന്താണ് നടക്കുന്നത് എന്നറിയാനുള്ള കൗതുകമായിരുന്നു ഇന്നലെ ആശുപത്രിയിലെത്തിയവർക്ക്.
എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വാക്‌സിൻ ബ്ലോക്കിലാണ് ഡ്രൈ റൺ നടത്തിയത്.ഇവിടേക്ക് മറ്റുള്ളവരെ പ്രവേശിപ്പിച്ചില്ല. ആശുപത്രിയിലെ 25 ആരോഗ്യപ്രവർത്തകരെയാണ് ഡ്രൈ റണ്ണിന്റെ ഭാഗമാക്കിയത്.
അതേസമയം ആശുപത്രിയിലെ മറ്റുവിഭാഗങ്ങളിലെ ആരോഗ്യപ്രവർത്തകർ വാക്‌സിൻ ബോക്കിന്റെ വിവിധ ഭാഗങ്ങളിൽ ആകാംക്ഷയോടെ തടിച്ചു കൂടി. പരിഭ്രമത്തോടെ എന്താണെന്ന് അറിയാനുള്ള തിടക്കുമായിരുന്നു പലർക്കും.രാവിലെ 9 മുതൽ 11 വരെയായിരുന്നു ഡ്രൈ റൺ. 8.30 തോടെ മാദ്ധ്യമങ്ങളുടെ നിര നീണ്ടു.9 മണിയോടെ കളക്ടർ നവ്ജ്യോത് ഖോസ എത്തി. പിന്നാലെ മന്ത്രി കെ.കെ.ശൈലജയും.ഡ്രൈ റണ്ണിന്റെ നടപടികളെല്ലാം നിരീക്ഷിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.വികെ. പ്രശാന്ത് എം.എൽ.എ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ.സരിത,ജില്ല മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്.ഷിനു,ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.സന്ദീപ്,പേരൂർക്കട ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു,ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി ഡോ. പ്രതാപ് ചന്ദ്രൻ, യു.എൻ.ഡി.പി പ്രതിനിധികളായ ഡോ. അരുണ,ഡോ.സജി എന്നിവരും ഡ്രൈ റണ്ണിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി.