game

തിരുവനന്തപുരം: ലോക്ക്ഡൗണിലെ വിരസത മുതലെടുത്ത് വിപണി പിടിച്ച ഓൺലൈൻ ചൂതാട്ടം, ലാഭം കൊതിച്ച് കളിക്കാനിറങ്ങിയവർക്ക് മരണക്കെണിയാവുന്നു. കാട്ടാക്കട കുറ്റിച്ചൽ വിനീഷ് ഭവനിൽ വി.എച്ച് വിനീത് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കടബാദ്ധ്യത കയറി ആത്മഹത്യ ചെയ്തത് കേരളത്തിൽ പുറത്തറിഞ്ഞ ഏറ്റവും ഒടുവിലത്തെ സംഭവം. തമിഴ്നാട്ടിൽ മാത്രം കടം കയറി ജീവനൊടുക്കിയത് 17 പേർ.

പണം നഷ്ടമായവരുടെ കൂട്ടത്തിൽ കൂലിവേലക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെയുണ്ട്. വഞ്ചിയൂർ ട്രഷറിയിലെ അക്കൗണ്ടന്റ് ബിജുലാൽ ട്രഷറിയിൽ കൈയിട്ടുവാരിയ 2.70കോടി കൊണ്ടാണ് ചൂതാട്ടം നടത്തിയത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് ചൂതാട്ടത്തിനു പിന്നിൽ.

ഓൺലൈനിൽ റമ്മി കൾച്ചർ, റമ്മി സർക്കിൾ, ജംഗിൾ റമ്മി, റമ്മി ഗുരു, എയ്‌സ്‌ റമ്മി, റമ്മി പാഷൻ, സിൽക്ക് റമ്മി എന്നീ ആപ്പുകൾക്കാണ് പ്രചാരമേറെ. സിനിമാ-ക്രിക്കറ്റ് താരങ്ങൾ അഭിനയിക്കുന്ന പരസ്യങ്ങളുമുണ്ട്. ആപ്പുകളിൽ ലഭിക്കുന്ന 13കാർഡുകളുപയോഗിച്ചാണ് കളി. നൂറും അഞ്ഞൂറുമൊക്കെ വച്ചുള്ള കളിയിൽ ജയിക്കുകയും ഇരട്ടിത്തുക കിട്ടുകയും ചെയ്യും. ഇ-വാലറ്റുകളിൽ കൂടുതൽ പണം നിക്ഷേപിച്ച് കളിക്കുമ്പോഴാണ് തനിനിറം കാണുക. വാലറ്റ് കാലിയാക്കും. പണം ബോണസായി നൽകി കളിതുടരാൻ പ്രേരിപ്പിക്കും. വലിയതുകയ്ക്ക് കളിക്കുമ്പോൾ കാർഡുകൾ നൽകാതിരിക്കുകയും തിരിമറി കാട്ടുകയും ചെയ്യും. 30 ദശലക്ഷം പേർ ഒരുസമയം റമ്മികളിക്കുന്നതായാണ് കമ്പനികളുടെ അവകാശവാദം.

ഇതാണ് നിയമം

1960ലെ ഗെയിമിംഗ് ആക്ട് പ്രകാരം പണംവച്ചുള്ള വാതുവയ്പ്പും കളികളും നിരോധിച്ചിട്ടുണ്ട്. ഇതിന്റെ പരിധിയിൽ കഴിവും ബുദ്ധിയും വൈദഗ്ദ്ധ്യവും ആവശ്യമായ ഗെയിമുകൾ വരില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്. വൈദഗ്ദ്ധ്യമുള്ള കളികളുടെ ഗണത്തിലാണ് റമ്മികളി. അതിനാൽ ഓൺലൈൻ ചൂതാട്ടത്തിൽ കേസിന് വകുപ്പില്ലെന്നാണ് പൊലീസ് നിലപാട്. കമ്പനികൾ നിയമാവലിയിൽ പണമീടാക്കുമെന്ന് പറഞ്ഞിട്ടില്ല. ഇ-വാലറ്റിൽ പണം വേണമെന്ന നിബന്ധന മാത്രം.

ഓരോ പരാതിയും പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശമുണ്ടെങ്കിലും പൊലീസ് കാഴ്ചക്കാരുടെ റോളിലാണ്.

5 സംസ്ഥാനങ്ങളിൽ നിരോധനം

തമിഴ്നാട്,അസം,തെലങ്കാന, ഒഡിഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ ഓൺലൈൻ ഗെയിമുകൾ നിരോധിച്ചിട്ടുണ്ട്. രണ്ടുവർഷം തടവാണ് ശിക്ഷ.

ഒന്നു വച്ചാൽ നൂറു കിട്ടില്ല

ഓൺലൈൻ ചൂതാട്ടത്തിൽ തമിഴ്നാട്ടിൽ ജീവനൊടുക്കിയവർ 17

ഓർക്കുക ഈ മരണങ്ങൾ

1.വിജയകുമാർ

30ലക്ഷം കണക്കെണിയിലായതിനെത്തുടർന്ന് സിംകാർഡ് മൊത്തക്കച്ചവടക്കാരനായിരുന്ന പുതുച്ചേരിയിലെ വിജയകുമാർ (38) തീകൊളുത്തി ജീവനൊടുക്കി.

2. അഭിഷേക്

സോഫ്‌റ്റ്‌വെയർ എൻജിനിയർ അഭിഷേകും ഭാര്യ പ്രീതിയും മക്കളായ അദ്വൈതും അനന്യയും ഓൺലൈൻ ചൂതാട്ടത്തിൽ കടക്കെണിയിലായി ഇൻഡോറിലെ റിസോർട്ടിൽ ജീവനൊടുക്കി

3. ജയചന്ദ്രൻ

ലെയ്‌ത്ത് ഓപ്പറേറ്ററായിരുന്ന ജയചന്ദ്രൻ(32) റമ്മികളിച്ച് അരലക്ഷം നഷ്ടമായതിനെത്തുട‌ന്ന് സുന്ദരപുരത്തെ വീട്ടിൽ തൂങ്ങിമരിച്ചു.

4. ജീവാനന്ദം

കമ്പ്യൂട്ടർഷോപ്പ് നടത്തിയിരുന്ന ജീവാനന്ദം (30) ലക്ഷങ്ങൾ നഷ്ടമായതിനെത്തുടർന്ന് മദ്യത്തിന് അടിമയായി തിരുവള്ളുവറിലെ വീട്ടിൽ തൂങ്ങിമരിച്ചു.

5. മദൻകുമാർ

ബാങ്കിലെ ക്ലാർക്കായിരുന്ന കോയമ്പത്തൂരിലെ മദൻകുമാർ(28) കടംവാങ്ങി ചൂതാടിയ പണം നഷ്ടമായപ്പോൾ ജീവനൊടുക്കി.