തിരുവനന്തപുരം: പാലാ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് നിൽക്കുന്ന മാണി സി.കാപ്പൻ ഇക്കാര്യത്തിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ പിന്തുണ ഉറപ്പാക്കിയതോടെ, എൻ.സി.പി കേരളത്തിൽ എൽ.ഡി.എഫ് വിടുമെന്ന സൂചന ശക്തമായി. മുന്നണിമാറ്റത്തോട് ശക്തിയായി വിയോജിക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ നിലപാട് പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമെന്ന് വന്നതോടെ സ്ഥിതി വിലയിരുത്താൻ ദേശീയ ജനറൽസെക്രട്ടറി പ്രഫുൽ പട്ടേൽ കേരളത്തിലെത്തും.
ശരദ് പവാറിന്റെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നാണ് ഔദ്യോഗിക വിഭാഗം നൽകുന്ന സൂചന. സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കണമെന്നാണെങ്കിൽ ആ മുന്നണിയിൽ നിൽക്കേണ്ടെന്ന സൂചന പവാർ കേരള നേതൃത്വത്തിന് നൽകിയെന്നറിയുന്നു. ചില യു.ഡി.എഫ് നേതാക്കൾ വ്യക്തിപരമായി മാണി സി.കാപ്പനുമായും മറ്റ് ചില നേതാക്കളുമായും ചർച്ച നടത്തിയിട്ടുണ്ട്. മാന്യമായ പരിഗണന അവർ ഉറപ്പു നൽകി. കേരളത്തിലെ കോൺഗ്രസിന്റെ ചുമതലക്കാരനായി എത്തിയ പഴയ എൻ.സി.പി നേതാവ് കൂടിയായ താരിഖ് അൻവറുമായും എൻ.സി.പി സംസ്ഥാന നേതൃത്വത്തിലെ ചിലർ സംസാരിച്ചു. നമ്മൾ ഒരുമിച്ച് നിൽക്കേണ്ടവരാണ് എന്നാണ് അദ്ദേഹം ഇവരോട് പറഞ്ഞത്. ദേശീയ നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന നിലപാടിലാണ് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരൻ. എന്നാൽ, ഇടതുമുന്നണി വിടുന്നുവെന്ന വാർത്തകൾ അദ്ദേഹം പാടേ നിഷേധിക്കുന്നു.
തദ്ദേശതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ പാർട്ടി ജില്ലാ നേതൃയോഗങ്ങൾ ഇന്നലെ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തുമാണ് ആദ്യ യോഗങ്ങൾ ചേർന്നത്. ടി.പി. പീതാംബരൻ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കടുത്ത അവഗണന ഉണ്ടായെന്ന ആരോപണം ഈ യോഗങ്ങളിൽ ശക്തമാണ്. ഇത് മുന്നണി വിടാൻ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങൾക്ക് കളമൊരുക്കലാണെന്ന് എ.കെ. ശശീന്ദ്രൻ പക്ഷം സംശയിക്കുന്നു.
ഇടതുമുന്നണി വിടാൻ ഒരുതരത്തിലും ഒരുക്കമല്ലെന്നാണ് ശശീന്ദ്രന്റെ നിലപാട്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ് കുട്ടനാട്ടിൽ സീറ്റ് ലഭിച്ചാൽ ശശീന്ദ്രനൊപ്പം നിൽക്കുമെന്നാണ് വിവരം. മുന്നണി വിട്ടാൽ കുട്ടനാട്ടിലും ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലും പാർട്ടി വിജയിക്കില്ലെന്ന് കരുതുന്ന ശശീന്ദ്രൻ പക്ഷം അതുകൊണ്ടുതന്നെ പരമാവധി പ്രവർത്തകരെ ഒപ്പം നിറുത്തി ശക്തി സംഭരിക്കാനുള്ള ശ്രമത്തിലാണ്.
നിയമസഭാ സീറ്റ് ചർച്ചകളിലേക്ക് ഇടതുമുന്നണി കടന്നിട്ടില്ലെന്നിരിക്കെ ഇപ്പോൾ പാലായെ ചൊല്ലി വിവാദമുയർത്തുന്നത് അനാവശ്യമാണെന്ന നിലപാടാണ് ശശീന്ദ്രൻ അനുകൂലികൾക്ക്.
പാലായിൽ ഞാൻ തന്നെ;
പൊട്ടിത്തെറിച്ച് കാപ്പൻ
വി.ജയകുമാർ
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് സ്വാധീനം ഉറപ്പിക്കാൻ സഹായിച്ച കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് പ്രത്യുപകാരമായി പാലാ, കാഞ്ഞിരപ്പള്ളി നിയമസഭാസീറ്റുകൾ വിട്ടുനൽകാൻ എൽ.ഡി.എഫിൽ ധാരണയായെന്ന പ്രചാരണത്തിന് പിന്നാലെ പാലായെ ചൊല്ലി പൊട്ടിത്തെറിച്ച് എൻ.സി.പി നേതാവും സിറ്റിംഗ് എം.എൽ.എയുമായ മാണി സി കാപ്പൻ .
"പാലാ വിട്ടുകൊടുക്കില്ല. വിട്ടുവീഴ്ച വേണമെന്ന് പറയുന്ന മന്ത്രി ശശീന്ദ്രൻ സീറ്റ് വിട്ടു കൊടുക്കട്ടെ. വഴിയെ പോകുന്നവർക്ക് പാലാ ചോദിക്കാൻ എന്തവകാശം? ഉപതിരഞ്ഞെടുപ്പിൽ തോറ്റ ജോസ് കെ. മാണിക്കല്ല, എം.എൽഎയായി ജയിച്ച എനിക്കാണ് സിറ്റിംഗ് സീറ്റിന് അവകാശം. സീറ്റ് വിട്ടു കൊടുക്കണമെന്ന് എൽ.ഡി.എഫോ പാർട്ടിയോ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് എൽ.ഡി.എഫ് വിടേണ്ട ആവശ്യമില്ല. യു.ഡി.എഫിലേക്ക് എന്നെ സ്വാഗതം ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. തോമസ് ചാണ്ടി അനുസ്മരണത്തിന് ഉമ്മൻചാണ്ടിയെ വിളിച്ചതിൽ രാഷ്ടീയമില്ല"- കാപ്പൻ പറഞ്ഞു.
അതേസമയം, യു.ഡി.എഫ് പിന്തുണയോടെ കാപ്പൻ പാലായിൽ മത്സരിക്കുമെന്ന വെടി ആദ്യം പൊട്ടിച്ച പി.ജെ.ജോസഫ്, കാപ്പൻ പറ്റിയ സ്ഥാനാർത്ഥിയാണെന്ന് ഇന്നലെയും ആവർത്തിച്ചു.
നിലവിൽ ജോസ് പക്ഷക്കാരനായ എൻ. ജയരാജിന്റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളി സി. പി. ഐ മത്സരിക്കുന്ന സീറ്റാണ്. അത് വിട്ടു നൽകുന്നതിന് പകരം കോട്ടയത്തോ കൊല്ലത്തോ മറ്റൊരു സീറ്റ് എന്ന ധാരണയിൽ സി.പി.ഐ എത്തിയെന്നും സൂചനയുണ്ട്. ജോസ് പക്ഷം സഹായിച്ചാൽ മറ്റൊരു സീറ്റിൽ ജയിക്കാമെന്നാണത്രേ സി. പി. ഐയുടെ കണക്കുകൂട്ടൽ.
എൻ.സി.പിയിൽ ശശീന്ദ്രൻ വിഭാഗം കാപ്പന്റെ കടുംപിടുത്തത്തിന് എതിരാണ്. ഇടതു മുന്നണിയുടെ തുടർഭരണ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ സീറ്റിനായ് വിലപേശാമെന്ന സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്ററുടെ ചുവട് മാറ്റത്തോടെ കാപ്പൻ പാർട്ടിയിലും ഒറ്റപ്പെട്ടതുപോലായി .
..