തിരുവനന്തപുരം: കൊവിഡ് വാക്സിനുള്ള ആദ്യഘട്ട പട്ടികയിൽ രജിസ്റ്റർ ചെയ്തത് 3.13 ലക്ഷം പേർ. വാക്സിൻ ലഭിക്കുന്നമുറയ്ക്ക് മുൻഗണനാ പട്ടികയിലുള്ളവർക്ക് മാത്രം നൽകും. കേന്ദ്രനിർദ്ദേശപ്രകാരം ഇതിനായി പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരാണ് ഒന്നാം നിരയിലുള്ളത്.
സർക്കാർ സ്വകാര്യമേഖലയിലുള്ള ആരോഗ്യപ്രവർത്തകരെയും 27,000ത്തോളം ആശാവർക്കർമാരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. മോഡേൺ മെഡിസിൻ, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്ഥിരവും താത്കാലികവുമായി നിലവിൽ ജോലി ചെയ്യുന്ന എല്ലാവരും വിവരശേഖരണത്തിൽ ഉൾപ്പെടും. മെഡിക്കൽ, ഡെന്റൽ, നഴ്സിംഗ്, പാരാമെഡിക്കൽ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാർത്ഥികളും ഐ.സി.ഡി.എസ് അങ്കണവാടി ജീവനക്കാരേയും ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർക്ക് ശേഷം വയോജനങ്ങളാണ് മുൻഗണന ലിസ്റ്റിലുള്ളത്. അവർക്ക് കൊടുക്കണമെങ്കിൽ 50 ലക്ഷത്തോളം വാക്സിൻ വേണ്ടിവരും. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടും. കൂടാതെ കേന്ദ്ര സംസ്ഥാന പൊലീസ് സേന, ഹോം ഗാർഡ്, സായുധ സേന, മുനിസിപ്പൽ തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ഡ്രൈവർമാർ എന്നിവരാണ് പട്ടികയിലുള്ള മറ്രുവിഭാഗക്കാർ. കുഞ്ഞുങ്ങൾക്കും മറ്റു രോഗങ്ങളുള്ളവർക്കും വാക്സിൻ നൽകുന്നത് സംബന്ധിച്ച നിർദ്ദേശം ലഭിച്ചിട്ടില്ല.
പാർശ്വഫലങ്ങൾ കാത്തിരുന്ന് അറിയാം
കൊവിഷീൽഡ് വാക്സിൻ സുരക്ഷിതമാണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. മറ്റു വാക്സിനുകളെ പോലെ കുത്തിവയ്പ് എടുത്ത സ്ഥലം രണ്ടുദിവസത്തേക്ക് തടിച്ചിരിക്കുക, ചെറിയ പനി എന്നിവയുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ മറ്റു പാർശ്വഫലങ്ങൾ ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് നൽകിയാലേ കണ്ടെത്താനാകൂ.