കാഞ്ഞങ്ങാട്: ഡി .വൈ. എഫ്. ഐ പ്രവർത്തകൻ കല്ലുരാവി പഴയ കടപ്പുറത്തെ ഔഫ് അബ്ദുൾ റഹ്മാനെ (30) കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ് (ഒന്ന്) കോടതി ആറു ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ട ഒന്നാം പ്രതി കല്ലു രാവിമുണ്ടത്തോട്ടെ ഇർഷാദിനെ (26) നാളെ തിരികെ കോടതിയിൽ ഹാജരാക്കും.
ഔഫിനെ കുത്താനുപയോഗിച്ച കത്തി വെള്ളിയാഴ്ച വൈകീട്ട് മുണ്ടത്തോട്ട് തെങ്ങിൻ ചുവട്ടിൽ നിന്നും കണ്ടെടുത്തിരുന്നു.പ്രതിയുടെ സഹായത്തോടെയാണ് സ്വിച്ചിട്ടാൽ നിവരുന്ന കത്തി കണ്ടെടുത്തത്.ഈ കത്തി കൊണ്ട് കുത്തിയാൽ ഉണ്ടാകുന്ന പരുക്കാണോ അബ്ദുൾ റഹ്മാന്റെ ശരീരത്തിലുണ്ടായതെന്നു് മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജൻ സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഇതിനായി കത്തിയുമായി അന്വേഷണോദ്യോഗസ്ഥർ മെഡിക്കൽ കോളേജിലേക്ക് പോയിട്ടുണ്ട്. സാധാരണ ഗതിയിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ഡിവൈ.എസ്.പി കെ. ദാമോദരൻ പറഞ്ഞത് - അതിനിടെ കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടും മൂന്നും പ്രതികളായ എം .എസ് .എഫ് പ്രവർത്തകൻ ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ 'ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.തിങ്കളാഴ്ച പതിനൊന്നരയോടെയാണ് ഇർഷാദിനെ കോടതിയിൽ ഹാജരാക്കേണ്ടത്.