ബാലരാമപുരം: വെടിവെച്ചാൻകോവിൽ - പുന്നമൂട് റോഡിന്റെയും ഇടറോഡായ ഭഗവതിനട റോഡിന്റെയും നവീകരണം നീളുന്നതിനെതിരെ നാട്ടുകാരുടെ പരാതിയേറുന്നു. വെടിവെച്ചാൻകോവിൽ പുന്നമൂട് വഴി ഭഗവതിനട, പെരിങ്ങമല, കല്ലിയൂർ, തിരുവല്ലം ഭാഗത്തേക്ക് നിരവധി വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. റോഡ് നീളെ കുഴികൾ രൂപപ്പെട്ടത് വാഹന യാത്ര അതികഠിനമാക്കിയിരിക്കുകയാണ്.ടെൻഡർ കാലാവധി അവസാനിച്ചെങ്കിലും കരാറുകാരന്റെ ആവശ്യപ്രകാരം ഒരു മാസം നീട്ടി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ പൂർത്തിയാകേണ്ട റോഡിന്റെ നവീകരണം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കാട്ടാക്കട നിയോജക മണ്ഡലത്തിൽപ്പെട്ട പുന്നമൂട് കല്ലിയൂർ - മാവറത്തല റോഡിനും വെടിവെച്ചാൻകോവിൽ പുന്നമൂട് റോഡിനും അഡ്വ. ഐ.ബി. സതീഷ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ബി.എം. ആൻഡ് ബി.സി പദ്ധയിലുൾപ്പെടുത്തി ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ടാറിംഗ് വൈകുന്നതിനാൽ അപകടക്കുഴികൾ താത്കാലികമായി നികത്തണമെന്ന് നാട്ടുകാരുടെ ആവശ്യം.
റോഡ് നിറയെ കുഴികൾ;
അപകടങ്ങളും പതിവ്
മിക്കയിടങ്ങളിലും ടാർ ഒലിച്ചു പോയി
മഴയെ പഴിച്ച്
പുന്നമൂട് വെടിവെച്ചാൻ കോവിൽ റോഡിൽ 750 മീറ്ററും, പുന്നമൂട് കല്ലിയൂർ -മാവറത്തല റോഡിൽ 450 മീറ്ററുമാണ് നവീകരിക്കുക. ഒപ്പം ഗണപതികോവിൽ - ഭഗവതിനട റോഡിൽ 1200 മീറ്ററിന്റെ നവീകരണവും നടക്കും. മഴ ഭീഷണിയായതിനെ തുടർന്നാണ് ടാറിംഗ് ജോലികൾ തടസപ്പെട്ടതെന്നാണ് മരാമത്ത് ഉദ്യോഗസ്ഥരുടെ വിശദീകരണം
പണി തുടങ്ങിയിട്ട് നാളേറെയായികഴിഞ്ഞ മാർച്ചിൽ ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടും നിർമ്മാണജോലികൾ ഇതേവരെ പൂർത്തീകരിച്ചിട്ടില്ല. ബന്ധപ്പെട്ട വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണമാണ് നവീകരണം പാതിവഴിയിലായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പുന്നമൂട് ഗണപതി കോവിൽ ജംഗ്ഷൻ മുതൽ ഭഗവതിനട വരെ ഒന്നരക്കിലോമീറ്ററോളം മെറ്റൽ പാകിയ സ്ഥലങ്ങളിൽ അപകടം പതിവായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ പോലും കടന്നുപോകാൻ കഴിയാത്തവിധം മെറ്റൽ ചിതറിക്കിടക്കുയാണ്.
പുന്നമൂട് റോഡിൽ ഗണപതികോവിൽ ജംഗ്ഷൻ മുതൽ ഭഗവതിനട വരെ മെറ്റൽ പാകിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞുപോലും നോക്കുന്നില്ല. ഇരുചക്രവാഹനത്തിലെത്തുന്നവർ രാത്രികാലങ്ങളിൽ അപകടത്തിൽപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും അധികൃതർ റോഡിനെ അവഗണിക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ നാട്ടുകാരുടെ നേത്യത്വത്തിൽ സമരപരിപാടികളുമായി മുന്നോട്ടുപോകും
ഭഗവതിനട ശിവകുമാർ. കോൺഗ്രസ് പള്ളിച്ചൽ മണ്ഡലം പ്രസിഡന്റ്
ഗണപതികോവിൽ -ഭഗവതിനട റോഡിന്റെ നവീകരണം ഈ ആഴ്ച് തുടങ്ങും. ടാർ ക്ഷാമം കാരണമാണ് മിക്ക റോഡുകളുടെയും നവീകരണം വൈകുന്നത്. തിരഞ്ഞെടുപ്പ് വന്നതോടെ ഉദ്യോഗസ്ഥരുടെ തിരക്ക് കാരണം മരാമത്ത് ജോലികളിൽ കാലതാമസം നേരിടേണ്ടിവന്നിട്ടുണ്ട്. വെടിവെച്ചാൻകോവിൽ -പുന്നമൂട് റോഡിൽ ഓടനവീകരണത്തിന്റെയും സ്ലാബുകൾ പുനഃസ്ഥാപിക്കുന്നതിന്റെയും ജോലികൾ പുരോഗമിക്കുകയാണ്. ഇത് കഴിഞ്ഞാലുടൻ ടാറിംഗ് ജോലികൾ ആരംഭിക്കും.
മരാമത്ത് കാഞ്ഞിരംകുളം സെക്ഷൻ അസി. എൻജിനിയർ.